വരാപ്പുഴ: ''നവ്യമാമൊരു കല്‍പനയിന്നു, നിങ്ങള്‍ക്കായി ഞാനേകുന്നു, നിങ്ങളെ ഞാന്‍ സ്‌നേഹിച്ചതു പോലെ, നിങ്ങളന്യോന്യം സ്‌നേഹിപ്പിന്‍''
കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച ഉയര്‍ന്നു കേള്‍ക്കുന്ന ഈ ഗാനം പനക്കലച്ചന്റെ സംഗീതത്തില്‍ ദീപ്‌തമായതാണ്.
ആ ഗാനം ഉയര്‍ന്നു കേള്‍ക്കുന്ന പെസഹാ വ്യാഴാഴ്‌ച തന്നെ ആ ഗാനത്തിന് സംഗീതം നല്‍കിയ ഫാ.ജസ്‌റ്റിന്‍ പനയ്‌ക്കല്‍ തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കി.
പൈതലാം യേശുവേ .....എന്ന ഗായിക ചിത്ര പാടി ക്രിസ്‌മസ് നാളുകളെ ഭക്‌തിസാന്ദ്രമാക്കുന്ന ഗാനമടക്കം ജസ്‌റ്റിന്‍ പനക്കലച്ചന്‍ 28 ഗാനങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നത്.
അതില്‍ 25 ഗാനങ്ങളും പാടിയത് ഗാനഗന്ധര്‍വന്‍ യേശുദാസാണ്. ഒരെണ്ണം കെ.എസ്. ചിത്രയും രണ്ടെണ്ണം ജെന്‍സിയും പാടി.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ മ്യൂസിക് കാസറ്റുകളുടെ സുവര്‍ണ കാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പിയാണ് നിഷ്‌പാദുക കര്‍മ്മലീത്ത സഭാംഗമായ ഫാദര്‍ ജസ്‌റ്റിന്‍ പനയ്‌ക്കല്‍ ഒ.സി.ഡി. ൈക്രസ്‌തവ ഭക്‌തിഗാനങ്ങളുടെ പ്രചാരത്തില്‍ ശ്രദ്ധേയമായ ഇടം നേടിയവയാണ് ജസ്‌റ്റിനച്ചന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍. തിരുവനന്തപുരം തരംഗിണി സ്‌റ്റുഡിയോയിലാണ് എല്ലാ ഗാനങ്ങളും ആലേഖനം ചെയ്യപ്പെട്ടത്.
1983-ല്‍ പുറത്തിറങ്ങിയ തളിര്‍മാല്യം ജസ്‌റ്റിനച്ചന്റെ സംഗീത സംവിധാനത്തില്‍ ആദ്യം ശ്രദ്ധ നേടുന്ന തരംഗിണിയുടെ കാസറ്റും റെക്കോര്‍ഡുമാണ്.
സിന്ധുഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയ 'എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍...' എന്ന പ്രത്യാശാഗാനം ഏറെ പ്രചാരം നേടിയിരുന്നു. പൈതലാം യേശുവേ... മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന...., നവ്യമായൊരു കല്‌പന...എന്നീ ഗാനങ്ങള്‍ ഇന്നും ൈക്രസ്‌തവ ദേവാലയങ്ങളില്‍ അലയടിക്കുന്നു. കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ..., നായകാ ജീവദായകാ..., യേശുവെന്റെ പ്രാണനാഥന്‍...., പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍..., സ്‌നേഹസ്വരൂപാ തവദര്‍ശനം...,. യേശുവേ വരദാന വാരിധേ തുടങ്ങിയ ഗാനങ്ങളും ഗന്ധര്‍വ്വ നാദത്തില്‍ പുറത്തുവന്നത് ൈക്രസ്‌തവ ഭക്‌തിഗാന മണ്ഡലത്തില്‍ പ്രകമ്പനം സൃഷ്‌ടിച്ച ഫാദര്‍ ജസ്‌റ്റിന്‍ പനയ്‌ക്കലിന്റെ അനശ്വര സൃഷ്‌ടികളായി. 1935 ഓഗസ്‌റ്റ് 10ന് കൊച്ചിയിലെ കുമ്പളങ്ങിയിലെ പനക്കല്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പനയ്‌ക്കല്‍ ജോബിന്റെയും തങ്കമ്മയുടെയും ഏഴ് മക്കളില്‍ അഞ്ചാമന്‍. അകാലത്തിലുള്ള പിതാവിന്റെ മരണവും വീട്ടിലെ ദാരിദ്ര്യവും മൂലം ആലപ്പുഴയില്‍ ദൈവദാസന്‍ ഫാദര്‍ റൈനോള്‍ഡ് പുരയ്‌ക്കലിന്റെ അനാഥാലയത്തില്‍ രണ്ടാം ക്ലാസില്‍ ചേര്‍ക്കേണ്ടിവന്നു.
ലിയോ 13-ാമന്‍ സ്‌കൂളില്‍ 4-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ പഠിച്ച കാലഘട്ടത്തില്‍ ഗാനാലാപനത്തിനുള്ള സമ്മാനം നേടിയിരുന്നത് ജസ്‌റ്റിനായിരുന്നു.
അന്ന് ആലപ്പുഴ രൂപതയുടെ കൊയര്‍ മാസ്‌റ്ററായിരുന്ന ഈശോ സഭാംഗമായ ഫാദര്‍ ജോസഫ് കോയില്‍പറമ്പിലും അക്കാലത്ത് ജസ്‌റ്റിനെ പ്രോല്‍സാഹിപ്പിച്ചു. വയലിനിസ്‌റ്റ് ജോ ഐസക്‌സും ജസ്‌റ്റിന്റെ സംഗീത വാസനയെ പോഷിപ്പിച്ചു. ലത്തീന്‍ ഭാഷയിലുള്ള ഗാനങ്ങളില്‍ പ്രത്യേക പ്രാവീണ്യം സിദ്ധിച്ചിരുന്ന ജസ്‌റ്റിന്‍ ആലപ്പുഴയിലെ ജീവിതകാലത്ത് ഇതര ഗാനശാഖകളിലും ശാസ്‌ത്രീയ സംഗീതത്തിലും താല്‌പര്യം പ്രകടമാക്കിയിരുന്നു. ഒപ്പം നല്ല മാര്‍ക്കോടെ 10-ാം ക്ലാസ് ജയിക്കുകയും ചെയ്‌തു.
1954ല്‍ അദ്ദേഹം എറണാകുളത്തെ കര്‍മലീത്താ സെമിനാരിയില്‍ ചേര്‍ന്നു.
1962 മാര്‍ച്ച് 17ന് ആലുവമംഗലപ്പുഴ സെമിനാരിയില്‍ വച്ച്‌ജസ്‌റ്റിന്‍ പനക്കല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമില്‍ ഉപരിപഠനം നടത്തി. വിശുദ്ധ അമ്മ ത്രേസ്യ, വിശുദ്ധ കുരിശിന്റെ യോഹന്നാന്‍, വിശുദ്ധ കൊച്ചുത്രേസ്യ എന്നീ കര്‍മ്മലീത്ത സന്യസ്‌തരുടെ ജീവിതത്തെ ഉപജീവിച്ച് ഡോക്‌ടറേറ്റ് കരസ്‌ഥമാക്കി.
നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം 1971 മുതല്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ സിസ്‌റ്റമാറ്റിക് തിയോളജി, മിസ്‌റ്റിക്കല്‍ തിയോളജി, ലോകമതങ്ങള്‍, സംഗീതം എന്നീ വിഷയങ്ങള്‍ തിയോളജി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. 28 വര്‍ഷങ്ങള്‍ സെമിനാരിയിലെ റെസിഡന്റ് പ്രഫസറായും 22 വര്‍ഷങ്ങള്‍ പ്രഫസര്‍ എമിരറ്റസ് ആയും പ്രവര്‍ത്തിച്ചു. മൊത്തം 17 പുസ്‌തകങ്ങകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 എണ്ണം ഇംീഷിലും 3 എണ്ണം മലയാളത്തിലും. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി 125 ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




