കോഴിക്കോട്: കേരളത്തെ ദാരിദ്ര്യരഹിതസംസ്ഥാനമാക്കും, ക്ഷേമ പെന്‍ഷനുകളെല്ലാം 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമായി എല്‍.ഡി.എഫ്. പ്രകടനപത്രിക. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.
അഞ്ചുലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കും. വരുമാനം, താമസം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉള്‍പ്പെടുന്ന സമഗ്രദാരിദ്ര്യനിര്മാര്ജനപദ്ധതിയാണ് നടപ്പാക്കുക. കിടപ്പുരോഗികള്‍ക്കായി സമ്പൂര്‍ണ പരിചരണസംവിധാനം നടപ്പാക്കും. ആരോഗ്യകരമായ വാര്‍ദ്ധക്യം എന്ന ആശയം യാഥാര്‍ഥ്യമാക്കും. പഠിച്ചവര്‍ക്കെല്ലാം ജോലി ഉറപ്പാക്കും. ക്യാമ്പസ് പ്ലേസ്മെന്റ് സര്വസാധാരണമാക്കും. കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പിലൂടെ വിദ്യാര്‍ഥികളെ നേരിട്ട് തൊഴില്‍മേഖലയുമായി ബന്ധിപ്പിക്കും. ബാക്ക് ടു ക്യാമ്പസ് പദ്ധതിയിലൂടെ പഠനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് പുതുക്കിയ നൈപുണി പരിശീലനം നല്‍കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തും.
വ്യവസായ ഇടനാഴികള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍, ക്ലസ്റ്ററുകള്‍ എന്നിവ വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വ്യവസായവികസനം കൂടുതല്‍ ശക്തമാക്കും. യുവജനങ്ങളെ തൊഴില്‍ അന്വേഷകരില്‍നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരാക്കി മാറ്റും. പലിശരഹിത വായ്പകളിലൂടെ പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.






