കൊച്ചി: ശമ്പള കമ്മിഷന് മാതൃകയില്‍ ക്ഷേമ പെന്ഷന് കമ്മിറ്റി രൂപീകരിക്കുമെന്നു യു.ഡി.എഫ്. പ്രകടന പത്രിക. ക്ഷേമ പെന്ഷന് 3,000 രൂപയായി ഉയര്‍ത്തും. ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി രണ്ടാം ഘട്ട 'നവ ആശ്രയ' പദ്ധതി രൂപീകരിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രത്യേക കര്‍മ പദ്ധതികള്‍ നടപ്പിലാക്കും. അര്‍ഹരായവര്‍ക്കു മുന്‍ഗണനാറേഷന്‍ കാര്‍ഡും നല്‍കും. അര്‍ഹരായവര്‍ക്ക് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സൗജന്യ റേഷന്‍ പുനഃസ്ഥാപിക്കും. തൊഴില്‍ ഉറപ്പിലെ വേതനും തൊഴില്‍ ദിനവും കൂട്ടും. യുവാക്കള്‍ക്ക് കുടുംബശ്രീ മോഡലില്‍ 'യുവശ്രീ' ആരംഭിക്കും.
മത്സ്യബന്ധന ബോട്ടുകള്‍, കെ.എസ്്.ആര്.ടി.സി., ഓട്ടോ, ഉടമകള്‍ ഓടിക്കുന്ന ടാക്സികള്‍ എന്നിവയ്ക്ക് ഇന്ധന സബ്സിഡി നല്‍കും. ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും. അംഗന്‍വാടി, ആശ, സ്കൂള്‍ പാചകതൊഴിലാളികള്‍ എന്നിവരുടെ വേതനം കൂട്ടും. ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികള്‍ മാറ്റിവച്ചിട്ടുള്ള മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കും.
സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ബെഡ് അവകാശമാക്കും. പോണ്ടിച്ചേരിയിലെ ജിപ്മര്‍ മാതൃകയില്‍ ബില്‍രഹിത ആശുപത്രികള്‍ സ്ഥാപിക്കും. ക്യാന്‍സര്‍ അടക്കമുള്ള മരുന്നുകളുടെ നികുതികള്‍ ഒഴിവാക്കും. ബിരുദധാരികള്‍ക്ക് ജോലി ലഭിക്കാന്‍ ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും നടപ്പിലാക്കും. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോളജുകളില്‍ ഓംബുഡ്സ്മാന് സംവിധാനം ഏര്‍പ്പെടുത്തും. വിദ്യാലയങ്ങളില്‍ ഗാന്ധിയന്‍ ഫിലോസഫി പഠനവിഷയമാക്കും.
സംരംഭകര്‍ക്ക് മെന്ററിങ് ലഭ്യമാക്കാന്‍ വിദഗ്ധരെ ഉപയോഗപ്പെടുത്തി 'ടെക്നോമെന്റര്' സഹായം ലഭ്യമാക്കും. കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കമ്മിഷന് അവാര്‍ഡ് പ്രഖ്യാപിച്ച കര്‍ഷകരുടെ പ്രമാണങ്ങള്‍ തിരിച്ചുനല്‍കാനും നടപടി സ്വീകരിക്കും. വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിനായി മോട്ടോര്‍ വാഹന അപകട കേസുകള്‍ പരിഗണിക്കുന്നതിന് സമാനമായ ട്രിബ്യൂണല്‍ സ്ഥാപിക്കും. വ്യവസായങ്ങള്‍ക്കു നല്കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസത്തിനും നല്കി ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.
സ്പോര്‍ട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കും. 2036 ലെ ഒളിമ്പിക്സില്‍ മത്സരിപ്പിക്കാന്‍ പ്രാപ്തിയുള്ള കായികതാരങ്ങളെ കണ്ടെത്താന്‍ വിഷന്‍ 2036 നടപ്പിലാക്കും. 3000 കളിക്കളങ്ങള്‍ നിര്‍മിക്കും. കെ.എസ്.ആര്.ടി.സിയെ നവീകരിക്കും. കുട്ടികളുടെ കൊലപാതകം, പോക്സോ കേസുകള്‍ക്ക് അന്വേഷിക്കാനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തും. സപ്ളൈകോ നല്‍കിവരുന്ന 13 അവശ്യസാധനങ്ങള്‍ക്കു പുറമേ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവകൂടി സബ്സിഡി നിരക്കില്‍ നല്‍കും.






