തൊടുപുഴ: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓര്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിച്ചു. അന്‍പതു നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ഇന്നലെ വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചടങ്ങുകളാണ് പള്ളികളില്‍ നടന്നത്.
അന്ത്യഅത്താഴ വേളയില്‍ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിനെ അനുസ്മരിച്ച്, പള്ളികളില്‍ തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങള്‍ കഴുകുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടന്നു.
തൊടുപുഴ ഈസ്റ്റ് വിജ്ഞാനാ മാതാ പള്ളിയില്‍ കാല് കഴുകല്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ.തോമസ് വിലങ്ങുപാറയില്‍ കാര്‍മ്മികത്വം വഹിച്ചു.
പെസഹായോടനുബന്ധിച്ച് ക്രൈസ്തവ ഭവനങ്ങളില്‍ അപ്പവും പാലും തയാറാക്കി പ്രാര്‍ഥനയോടെ മുറിച്ചുപങ്കിടുന്ന ചടങ്ങുകളും നടന്നു.
കുരിശുമരണത്തിന് മുന്നോടിയായി യേശു നല്കിയ പുതിയ ഉടമ്പടിയുടെ സ്മരണ കൂടിയാണ് ഈ ദിനം. വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് ശേഷം, നാളെ ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണയില്‍ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കും.
തൊടുപുഴ ചുങ്കം സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി ഇന്ന് രാവിലെ 8.30 ന് പുത്തന്‍ പാന, 9 ന് ദുഃഖവെള്ളി ശുശ്രൂഷകള്‍, കുരിശിന്റെ വഴി തുടര്‍ന്ന് നേര്‍ച്ച ക്കഞ്ഞി വിതരണം. നാളെ രാവിലെ 7ന് ശുശ്രൂഷകള്‍. ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ 5ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഈസ്റ്റര്‍ ആഘോഷം, രാവിലെ 7.15 ന് വിശുദ്ധ കുര്‍ബാന.




