
നെടുങ്കണ്ടം: ഒരു തെരഞ്ഞെടുപ്പ് കാലം കൂടി വരുമ്പോള്‍ ഇടുക്കിക്ക് മറക്കാന്‍ കഴിയാത്ത നേതാവാണ് എം.എം.മണി. മണിയുടെ മത്സരവും വാക്കും പ്രസംഗവുമെല്ലാം ഈ നാടിന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത അനുഭവങ്ങളാണ്. കന്നിയങ്കത്തില്‍ കാലിടറിയെങ്കിലും അവസാനം വന്‍ ഭൂരിപക്ഷത്തില്‍ ചേര്‍ത്തുനിര്‍ത്തി ചരിത്രമെഴുതിയതും ഇതേ മണ്ഡലത്തില്‍ തന്നെ. കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി നേതാവില്‍നിന്ന് ജനകീയ മുഖമുള്ള പാര്‍ലമെന്ററി രംഗത്തെ നേതാവായി. സംസ്‌ഥാനമാകമാനം ശ്രദ്ധയാകര്‍ഷിച്ച ജനകീയ മുഖം. സി.പി.എമ്മിലെ കരുത്തുറ്റ നേതാവായ എം.എം. മണി ജനകീയതയില്‍ മണിയാശാനായി. ഒരു കാലത്ത്
ഇടുക്കി തികച്ചും പടിക്കുപുറത്ത് നിര്‍ത്തിയിരുന്ന കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ മുഖ്യധാരയിലെത്തിച്ച് ജില്ലയില്‍ പലപ്പോഴായി ചുവപ്പ് അണിയിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ആളാണ് എം.എം. മണി. വലത് തരംഗത്തില്‍ വാണിരുന്ന ജില്ലയില്‍ തൊഴിലാളി പ്രസ്‌ഥാനത്തിലൂടെ പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തന രംഗത്തെത്തിയ എം.എം.മണി തോട്ടംമേഖലയില്‍ സി.ഐ.ടി.യു കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച മണിയുടെ കാലത്താണ് അഞ്ചില്‍ അഞ്ച് സീറ്റും യു.ഡി.എഫ് വിജയിച്ചിരുന്ന ജില്ലയില്‍ ഒന്നിലേക്ക് ഒതുക്കാന്‍ കഴിഞ്ഞത്. 1996 ല്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസിലെ ഇ.എം.ആഗസ്‌തിയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് 2001 ല്‍ കെ.കെ. ജയചന്ദ്രന്‍ മത്സരിച്ച് മണ്ഡലം തിരികെ പിടിച്ചു. 2006ലും 2011ലും ജയചന്ദ്രന്‍ തുടര്‍വിജയങ്ങള്‍ നേടി. ഇതിനിടെ എം.എം മണി പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ അംഗമായി. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി.ഇതിനു മുമ്പ് തൊടുപുഴ മണക്കാട് നടത്തിയ വണ്‍ ടൂ ത്രീ പ്രസംഗം കുപ്രസിദ്ധി ആര്‍ജിച്ചിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം ജയിലിലുമായിരുന്നു. ഇതോടെ സ്‌ഥാനാര്‍ഥിത്വം ഏറെ ചര്‍ചയായി. അന്ന് യു.ഡി.എഫ് സ്‌ഥാനാര്‍ഥി അഡ്വ. സേനാപതി വേണു. ബി.ഡി.ജെ.എസ് രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ സജി പറമ്പത്ത് എന്‍.ഡി.എ സ്‌ഥാനാര്‍ഥി. കടുത്ത മത്സരത്തില്‍ 1109 ന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അന്ന് മണി വിജയിച്ചത്. പിന്നീട് നടന്നത് ചരിത്രം. എം.എം മണി സംസ്‌ഥാന വൈദ്യുത വകുപ്പ് മന്ത്രിയായി. നെടുങ്കണ്ടം സിന്തറ്റിക്ക് സ്‌റ്റേഡിയം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ജില്ലാ ആശുപത്രി, നിരവധി റോഡുകള്‍, പാലങ്ങള്‍ ഇവയെല്ലാമായി മണ്ഡലത്തില്‍ നിറഞ്ഞ മണിയാശാന്‍, വൈദ്യുതി നിയന്ത്രണം വരുത്താത്ത മന്ത്രിയുമായി. കഴിഞ്ഞ തവണ വീണ്ടും ജനവിധി തേടിയപ്പോള്‍ 38005 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ ചരിത്രമെഴുതിയ മണി പറയുന്നത് തന്റെ പിന്‍ഗാമിയായി തന്റെ മുന്‍ഗാമിയെ തെരഞ്ഞെടുക്കാനാണ്.



