നെടുങ്കണ്ടം: നെടുങ്കണ്ടത്തെ പെട്രോള്‍ പമ്പുകളില്‍ ജാറുകളില്‍ ഇന്ധനം നല്‍കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. കൃഷിക്കാവശ്യമായ ഇന്ധനം ജാറുകളില്‍ നിഷേധിക്കുന്ന പെട്രോളിയം മന്ത്രാലയത്തിന്റെ കര്‍ഷകവിരുദ്ധ ഉത്തര വിനെതിരെ യൂത്ത് കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ സൂചനാ സമരം നടത്തി.
വേനല്‍ക്കാലമായതിനാല്‍ ഏലംകൃഷിക്കാവശ്യമായ ജലസേചനത്തിനും കീടനാശിനി പ്രയോഗത്തിനും പെട്രോളും ഡീസലും അത്യാവശ്യമാണ്. ഒരാഴ്‌ചയായി പമ്പുകളില്‍നിന്നും ജാറുകളില്‍ പെട്രോള്‍ നല്‍കുന്നില്ല. ഇതുമൂലം ജലസേചനം നടത്താനാകാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. ജലസേചനം നടത്താത്തതുമൂലം ഏലം കൃഷിയില്‍ വ്യാപകമായ നാശവും നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റ് സ്‌ഥലങ്ങളില്‍ ജാറുകളില്‍ ഇന്ധനം നല്‍കുന്നുണ്ടെന്നും ഇത് നെടുങ്കണ്ടത്തും നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം പെട്രോള്‍ പമ്പുകള്‍ സ്‌തംഭിപ്പിക്കുന്ന സമരം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ജന. സെക്രട്ടറി അഡ്വ. പി.ജെ ജോമോന്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ ഇസ്‌മായില്‍, നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, ജയകുമാര്‍, അജ്‌മല്‍, എബിന്‍, ടോം സെര്‍വിച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




