
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന്റെ മകന് ആനന്ദ് ജയചന്ദ്രന് സാമൂഹികമാധ്യമത്തില്‍ ഇട്ട പോസ്റ്റ് വൈറലായി.
രാവിലെ വീട്ടില്‍നിന്നും ഇറങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ കുടുംബങ്ങള്‍ ആധിയോടുകൂടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തങ്ങളുടെ അച്ഛന്, അല്ലെങ്കില്‍ ഭര്‍ത്താവ്, മകന് വീട്ടില്‍ തിരിച്ചെത്തുമോ എന്ന ആധിയായിരുന്നു ആ കാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ കുടുംബങ്ങളില്‍ ഉണ്ടായിരുന്നത്. ആ കാലത്തിന്റെ ഓര്‍മകളാണ് ആനന്ദ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. താന്‍ ജനിക്കും മുമ്പ് തന്റെ പിതാവിന് കിട്ടിയ അടയാളത്തിന്റെ കഥ. തൊഴിലാളി നേതാവായിരിക്കെ കെ.കെ. ജയചന്ദ്രന് മരിച്ചെന്നു കരുതി പാറമടയില്‍ ഉപേക്ഷിച്ച സംഭവം, ഇടതുപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലൂടെ ഉടുമ്പന്ചോലക്കാര്ക്ക് പരിചിതമാണ്.
ദിവസങ്ങള്‍... മാസങ്ങള്‍ .. പിന്നെ അടിമാലി ആശുപത്രിയില്‍ നിന്നിറങ്ങി സഖാവ് നേരെ ചെന്നത് വീട്ടിലേക്കായിരുന്നില്ല, ഖജനാപ്പാറയിലേക്കാണ്. അന്ന് തൊട്ട് ഇന്നുവരെ പാര്‍ട്ടിയെ കൈവിടാതെ ഖജനാപ്പാറയും തൊട്ടടുത്ത ഗ്രാമങ്ങളും ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട് എന്ന ആനന്ദിന്റെ വരികള്‍ പുതുതലമുറയില്‍ പെട്ടവര്‍ക്കും കെ.കെ. ജയചന്ദ്രന്റെ സഹനജീവിതം മനസിലാക്കുന്ന തരത്തിലുള്ളതായി. ചെറുപ്പത്തിലെ എന്റെ സംശയമായിരുന്നു, ഒരു പക്ഷേ ജനിച്ചത് മുതല്‍ അച്ഛന്റെ കണ്ണ് അങ്ങനെതന്നെ ആയിരിക്കുമോ.? ഇതെന്താ അച്ഛന്റെ ഒരു കണ്ണ് ചെറുതായിരിക്കുന്നേ? സംശയങ്ങള്‍ ഒരിക്കല്‍ നേരിട്ടുതന്നെ ചോദിച്ചു.
വര്‍ഷം 1978. പാര്‍ട്ടിയോഗം കഴിഞ്ഞ് അച് ഛന് അന്നുറങ്ങിയത് ശാന്തന്‍പാറ പാര്‍ട്ടി ഓഫീസില്‍. കാലത്ത് ഏകദേശം അഞ്ചോടെ ജനാലയ്ക്കലെത്തി ഒരാള്‍ അച്ഛനെ വിളിച്ചു ണര്‍ത്തി. ഖജനാപ്പാറയില്‍ തൊഴിലാളികള്‍ക്കിടയില്‍ ജാതിപ്രശ്നം രൂക്ഷമായെന്നും വെള്ളവും ഭക്ഷണവും പുറത്തേക്കിറങ്ങാനുള്ള സ്വാതന്ത്ര്യംവരെ നിഷേധിക്കപ്പെട്ട് ഒരു വിഭാഗത്തെ പൂട്ടിയിട്ടിരിക്കുകയാണെന്നും അയാള്‍ സഖാവിനെ അറിയിച്ചു. രാവിലെ ആറോടെ ശാന്തന്‍പാറയില്‍നിന്നും ആദ്യ ട്രിപ് ജീപ്പിന് അച്ഛനും കൂടെ അഞ്ചോളം സഖാക്കളും ഖജനാപ്പാറയില്‍ എത്തി. ആദ്യം പോയത് അവിടുത്തെ പാര്‍ട്ടി ഓഫീസിലേക്ക്.
അവിടെ കയറിയ ഉടനെ ഒരു സംഘം പാര്‍ട്ടി ഓഫീസ് വളഞ്ഞു. മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിച്ചു. കൂടെയുള്ളവര്‍ പൊരുതി വീണുപോയെങ്കിലും സഖാവിനെ മാത്രം അവര്‍ വെറുതേ വിട്ടില്ല. അതിനൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് തോട്ടംമേഖലയിലെ നിരവധി തൊഴിലാളികള്‍ സി.ഐ.ടി.യുവിലേക്ക് ചേര്‍ന്നതിന്റെ പ്രധാന കാരണം തൊഴിലാളി നേതാവായി വളര്‍ന്ന ജയചന്ദ്രനായിരുന്നു. സൈക്കിള്‍ചെയിനിന്‍ സഖാവിന്റെ പുറത്തെ തൊലിമുഴുവന്‍ അവര്‍ വരിഞ്ഞെടുത്തു. കല്ലും കുപ്പിച്ചില്ലും കൊണ്ടുള്ള ഏറില്‍ ദേഹമാസകലം രക്തത്തില്‍ കുളിച്ചു. എന്നിട്ടും തോറ്റുകൊടുക്കാതെ ചെറുത്തുനിന്ന സഖാവിനെ പിന്നില്‍നിന്നും കണ്ണും മുഖവും ചേര്‍ത്ത് വലിയ പത്തലുകൊണ്ട് ഒരടി. തല രണ്ടായി പിളര്‍ന്ന് പോയെന്നാ ഞാന്‍ കരുതിയെ.. സഖാവ് പിന്നീട് അതിനെപ്പറ്റി വിവരിച്ചത് അങ്ങനെയാണെന്ന് ആനന്ദ് കുറിപ്പില്‍ പങ്കുവയ്ക്കുന്നു.
കൊല്ലാനാണ് തീരുമാനമെന്ന് ബോധം മറയുന്ന അവസാന നിമിഷത്തിന് മുമ്പേ സഖാവ് മനസിലാക്കി. തിളച്ച എണ്ണ കോരി ഒഴിക്കാനായിരുന്നു നീക്കം. തൊട്ടടുത്ത ഗ്രാമത്തിലെ ഹോട്ടലിലേക്ക് ആളുപോയി. കൂട്ടത്തില്‍ പരുക്കേറ്റ മറ്റൊരു സഖാവ് ഇതിനോടകം അവിടെനിന്നും രക്ഷപ്പെട്ടിരുന്നു - സഖാവ് ഒ.ജി.മദനന്. ഏറുകൊണ്ട് രക്തമൊഴുകുന്ന ചെവിയും പൊത്തിപ്പിടിച്ച് ഒ.ജി. മദനന് രാജകുമാരിയിലെത്തി പാര്‍ട്ടികേന്ദ്രങ്ങളില്‍ വിവരമറിയിച്ചു. പാര്‍ട്ടിക്കാരും തൊഴിലാളികളുമടങ്ങുന്ന വലിയൊരു സംഘം ഉടനെത്തുമെന്ന വിവരത്തെ തുടര്‍ന്ന് സഖാവിനെ ഒരു പാറമടയില്‍ തള്ളി അവര്‍ രക്ഷപെട്ടു. നേരിയ ജീവന്റെ തുടിപ്പോടെ പാര്‍ട്ടിക്ക് സഖാവിനെ തിരികെ കിട്ടി.
ദിവസങ്ങളും.. മാസങ്ങളും.. അടിമാലി ആശുപത്രിയില്‍ നിന്നിറങ്ങി സഖാവ് നേരെ ചെന്നത് ഖജനാപ്പാറയിലേക്കാണ്. അന്നുമുതല്‍ ഇന്നുവരെ പാര്‍ട്ടിയെ കൈവിടാതെ ഖജനാപ്പാറയും തൊട്ടടുത്ത ഗ്രാമങ്ങളും ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. പിന്നീടൊരു ചികിത്സയ്ക്കോ മറ്റ് കാര്യങ്ങള്‍ക്കോ സാമ്പത്തികമായി കഴിവില്ലാതിരുന്ന അച്ഛന്റെ കണ്ണിന് മുകളില്‍ ആ മുറിപ്പാട് ഇന്നുമുണ്ട്. ഇടുക്കിയിലെ പാര്‍ട്ടിയുടെ ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും അടയാളം പോലെ.
കണ്ണിനു മുകളിലെ എല്ലുകള്‍ അന്നത്തെ ആക്രമണത്തില്‍ പൊടിഞ്ഞുപോയിരുന്നു. അടിച്ചുടച്ച ആ കണ്ണിലൂടെയാണ് തൊഴിലാളികളെ... ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ പിന്നീട് സഖാവ് കണ്ടത്'' - മകന് കുറിക്കുന്നു. കഴിഞ്ഞദിവസം ജയചന്ദ്രനൊപ്പം ഭാര്യയും മകളും പ്രചാരണത്തിനെത്തിയിരുന്നു.




