
കോട്ടയം: ക്രിസ്തുദേവന്റെ കുരിശുമരണത്തിന്റെ ഓര്‍മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കും. ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണു കുരിശാരോഹണം.ദേവാലയങ്ങളില്‍ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും.
വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.
ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈ ദിവസം ആചരിക്കുന്നതു പ്രാര്‍ഥനയോടും ഉപവാസത്തോടുമാണ്. ഓശാന മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍ അറിയപ്പെടുന്നത്, കഷ്ടാനുഭവ ആഴ്ച, പീഡാനുഭവ ആഴ്ച അല്ലെങ്കില്‍ വിശുദ്ധ വരാം എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനമുള്ള ദിവസമാണ് ദുഃഖവെള്ളി. പെസഹായിക്കു ശേഷമാണു ദുഃഖവെള്ളി വരുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരം, ക്രിസ്തുദേവന് മനുഷ്യന്റെ പാപങ്ങള്‍ കഴുകാനായി സ്വയം കുരിശില്‍ ബലിയായി തീര്‍ന്ന ദിവസമാണ്. യേശുവിനു തന്റെ പ്രിയപ്പെട്ട മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായിട്ടാണ് ഈ കുരിശ് മരണം ഓര്‍ക്കുന്നത്. ഓരോ ദുഃഖവെള്ളിയും ലോകത്തിനു നല്കുന്ന സന്ദേശം ത്യാഗത്തിന്റെയും വിനയത്തിന്റെയുമാണ്.പ്രവാചകന് പ്രവചിച്ചതു യേശു ക്രിസ്തുവിന്റെ മരണത്തോടെ നിവര്‍ത്തിയായി.യേശു പടയാളികളുടെ കൈകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്ത ഈ വെള്ളിയാഴ്ചയെ നല്ല വെള്ളി എന്നാണ് വിശേഷിപ്പിക്കുന്നത്.പാമ്പാടി മാ കുറിയാക്കോസ് ദയറായില്‍ നടക്കുന്ന ദു:ഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കു മലങ്കര ഓര്ത്തമഡാക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. അമയന്നൂര്‍ കറ്റുവെട്ടിക്കല്‍ മാര്‍ ഇഗ്നാത്തിയോസ് ചാപ്പലില്‍ നടക്കുന്ന ദു:ഖ വെള്ള ശുശ്രൂഷകള്‍ക്കു യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ തോമസ് മോര് തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.
വാഗമണ്‍, അറുനൂറ്റിമംഗലം, കുടക്കച്ചിറ, കൂവപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കാളികളാകും.ദുഃഖശനി ദിനത്തില്‍ പുത്തന്‍ തീ, വെള്ളം വെഞ്ചരിപ്പും പ്രത്യേക ശുശ്രൂഷകളും പള്ളികളിലുണ്ടാകും. യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആചരിക്കുന്ന ഈസ്റ്റര്‍ ഞായറോടെ വിശുദ്ധ വാരത്തിനും 50 നോമ്പിനും സമാപനമാകും.



