കോട്ടയം: വോട്ടിലേക്ക് ഒരാഴ്‌ച മാത്രം ശേഷിക്കെ, പോരാട്ടത്തിന്റെ കടുപ്പം കൂട്ടാന്‍ ആവനാഴിയിലെ അവസാന ആയുധങ്ങളും പുറത്തെടുക്കാന്‍ മുന്നണികള്‍. ഇന്നും നാളെയും ഈസ്‌റ്ററിനും പരസ്യപ്രചാരണം ഒഴിവാക്കിയും അവശേഷിക്കുന്ന ദിവസങ്ങളില്‍ വന്‍ പ്രചാരണം നടത്തിയും വിജയത്തിലേക്കു നീങ്ങാനുള്ള നീക്കത്തിലാണു മുന്നണികള്‍. പാലാ, പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങളിലെ പോരാട്ടത്തിന് അവസാന ഘട്ടത്തില്‍ തീവ്രതയേറിയിരിക്കുകയാണ്‌്. പതിവില്‍ നിന്നു വ്യത്യസ്‌തമായി തീ പാറും പോരാട്ടം നടക്കുന്ന വൈക്കത്തേക്കും ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധ നീളും.
ഏഴിനു വൈകിട്ടാണ് കൊട്ടിക്കലാശം. എട്ടിനു നിശബ്‌്ദ പ്രചാരണ ദിവസമാണ്. മിക്ക സ്‌ഥാനാര്‍ഥികളുടെയും മണ്ഡല പര്യടനം ഇന്നലെ അവസാനിച്ചിരുന്നു. ഇന്നും നാളെയും ഈസ്‌റ്ററിനും ഭൂരിഭാഗം സ്‌ഥാനാര്‍ഥികളും വോട്ടഭ്യര്‍ഥിച്ചുള്ള പര്യടനം ഒഴിവാക്കും. പര്യടനത്തിനു അവധി നല്‌കുന്ന സ്‌ഥാനാര്‍ഥികളെല്ലാം ആരാധനലായങ്ങളില്‍ സന്ദര്‍ശിക്കാനാണു സമയം കണ്ടെത്തുന്നത്. അവശേഷിക്കുന്ന സമയംപരാമവധി വോട്ടര്‍മാരെ ഫോണിലും വിളിച്ചും വ്യക്‌തിബന്ധങ്ങള്‍ ഊട്ടി ഉറപ്പിച്ചും വോട്ടുകള്‍ ഉറപ്പിക്കും.
അതേസമയം അവസാന ഘട്ടത്തിലെ അടിയൊഴുക്കുകളില്‍ ആശങ്കയിലാണ് മുന്നുണികള്‍. പാലായിലും പൂഞ്ഞാറിലും വൈക്കത്തുമൊ.ക്ക അടിയൊഴുക്കുകള്‍ നിര്‍ണായകമാകുമെന്നാണ് മൂന്നുമുന്നണികളുടയെും കണക്കുകൂട്ടല്‍. ശക്‌തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം അഴിയൊഴുക്കുകള്‍ മുന്നണി സ്‌ഥാനാര്‍ഥികളുടെ വിജയ, പരാജയത്തില്‍ നിര്‍ണായമാകും. രാഷ്‌്ട്രീയത്തിനപ്പുറം സമുദായികമായ അഴിയൊഴുക്കുകളാണ് ചില മണ്ഡലത്തില്‍ നിര്‍ണായകമാകുന്നത് യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറുന്ന പല മണ്ഡലങ്ങളിലും എന്‍.ഡി.എ.സ്‌ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും.
ഡീലും വിവാദങ്ങളും മാത്രം;
അവസാന ലാപ്പിലും
ജനകീയ പ്രശ്‌നങ്ങള്‍ ഔട്ട്
കോട്ടയം: പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുമ്പോഴും പ്രചാരണ രംഗത്ത് ജനകീയ വിഷയങ്ങള്‍ ഇല്ല. ഡീലും കൊള്ളയും വിവാദങ്ങളും ഉയര്‍ത്തി വോട്ട് തട്ടാനുള്ള ശ്രമം മാത്രമാണു നടക്കുന്നതെന്നാണ് ആക്ഷേപം. ഓരോ ദിവസവുമുണ്ടാകുന്ന വിവാദങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ജനകീയ വിഷയങ്ങളെ മനപൂര്‍വം മുന്നണികള്‍ മറക്കുകയാണ്. പര്യടനത്തിന് എത്തുന്ന ദേശീയ നേതാക്കള്‍ പോലും വിവാദങ്ങള്‍ക്കു പിന്നാലെ മാത്രം പായുകയാണെന്നും വോട്ടര്‍മാര്‍ക്കു പരാതിയുണ്ട്.
രൂക്ഷമായ പാചകവാതക ക്ഷാമം സാധാരണക്കാരെ പിടിച്ചുലയ്‌ക്കുകയാണ്. ആവശ്യത്തിനു സിലിണ്ടറുകള്‍ കിട്ടാനില്ല. പൂട്ടിയ ഹോട്ടലുകള്‍ പലതും തുറന്നിട്ടില്ല. സ്വകാര്യ കമ്പനികള്‍ ഒരു സിലിണ്ടറിന് 2000 രൂപ വരെ കൂട്ടിയപ്പോള്‍ പൊതുമേഖലാ കമ്പനികളും വാണിജ്യ സിലിണ്ടര്‍ വില കൂട്ടി. വാതകമില്ലാത്തതിനാല്‍ ശ്‌മശാനങ്ങള്‍ വരെ അടഞ്ഞു കിടക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നു. ഇതൊന്നും ചര്‍ച്ചയാകുന്നതേയില്ല.
ജില്ലയിലെ ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്നായ നെല്ല് സംഭരണ പ്രശ്‌നം പരിഹാരം കാണാതെ നീളുകയാണ്‌്. സംഭരണം നടക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഈര്‍പ്പത്തിന്റെ പേരില്‍ തള്ളുന്ന കിഴിവിന്റെ അളവ് വര്‍ധിക്കുകയാണ്. നെല്ല് നല്‍കിയാലും പണം എന്നു ലഭിക്കുമെന്ന കാര്യത്തിലും വ്യക്‌തയില്ല. ഇതിനൊപ്പം കുടിവെള്ള ക്ഷാമം ഉള്‍പ്പെടെ നൂറുകണക്കിനു ജനകീയ വിഷയങ്ങളാണ് തെരഞ്ഞെുപ്പ് രംഗത്ത് തമസ്‌കരിക്കപ്പെടുന്നത്.




