കോഴിക്കോട്:ബേപ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ നിരന്തരമായി നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്കി. അന്‍വര്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നിയോജകമണ്ഡലം സെക്രട്ടറി ടി രാധാഗോപി പരാതിയില്‍ പറഞ്ഞു. വോട്ടര്‍മാരെ തെറ്റായ നിലയില്‍ സ്വാധീനിക്കാന്‍ വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ ആരോപണങ്ങളും അവഹേളന പ്രസ്താവനകളും പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വാഹനങ്ങളിലെ അനൗണ്‍സ്മെന്റ് വഴിയും ഇത്തരം ആക്ഷേപങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്. എംഎല്‍എ എന്ന നിലയില്‍ മുഹമ്മദ് റിയാസ് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ തമസ്കരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇത്തരം കള്ള പ്രചാരണങ്ങള്‍ നടത്തുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.




