
അങ്ങാടിപ്പുറം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ദു:ഖവെള്ളി. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണ ദിനം. ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്നലെ പെസഹാ ആചരിച്ചു. വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. വീടുകളില്‍ വൈകിട്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായി. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ പെസഹാ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജോര്‍ജ് കളപ്പുരക്കല്‍, അസി. വികാരി ഫാ. റിനു തിട്ടയില്‍ കാര്‍മികത്വം വഹിച്ചു.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ആരാധനയും നടന്നു. ദു:ഖവെള്ളി തിരുക്കര്‍മങ്ങള്‍ ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് നാലിന് പളളിയില്‍ നിന്നും ആരംഭിച്ച് പണിക്കരുകാട്, പുത്തനങ്ങാടി, പരിയാപുരം റോഡ് വഴി കുരിശിന്റെ വഴി ഉണ്ടാകും. നാളെ ദുഃഖശനി ആചരണത്തിന്റെ ഭാഗമായി രാവിലെ ഏഴിന് പുത്തന്‍ തീ - പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രത നവീകരണം, വി. കുര്‍ബാന എന്നിവയുണ്ടാകും. ഉയിര്‍പ്പു തിരുനാള്‍ ആഘോഷങ്ങള്‍ നാളെ രാത്രി 10.30ന് തുടങ്ങും. അഞ്ചിന് രാവിലെ ഏഴിനും വി. കുര്‍ബാനയുണ്ടാകും. ഈസ്റ്റര്‍ ആഘോഷത്തോടെ വിശുദ്ധവാരത്തിനു സമാപനമാകും.
മഞ്ചേരി: പെസഹ വ്യാഴത്തോടനുബന്ധിച്ച് പയ്നാട്യ സെന്റ് മേരീസ് ചര്‍ച്ചില്‍ കാല് കഴുകല്‍ ശുശ്രൂഷ നടന്നു. ഇടവക വികാരി ഫാ. ആല്ബിന് കോയിപ്പുറത്ത്, ഫാ. നിധിന് മറ്റത്തില്‍ നേതൃത്വം നല്കി.



