
താനൂര്‍: കഴിഞ്ഞ 10 വര്‍ഷം താനൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വോട്ട് അഭ്യര്‍ഥിക്കുന്നതെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സമീര്‍ ടി. തിരുത്തിയില്‍ താനൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 2400 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വി. അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, കായികം, പശ്ചാത്തല വികസനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നീ സമസ്ത മേഖലയിലും വികസനമെത്തിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞു.
60 വര്‍ഷം കുത്തകയായി ഭരിച്ച മുസ്ലിംലീഗിന് മണ്ഡലത്തില്‍ കാര്യമായ പുരോഗതി വരുത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രതിഷേധത്തിലാണ് 2016ല്‍ വി. അബ്ദുറഹിമാനിലൂടെ താനൂര്‍ മണ്ഡലം ചുവപ്പണിഞ്ഞത്. അതിന് തുടര്‍ച്ച ഉണ്ടാകുമെന്നാണ് മണ്ഡലത്തിലൂടെയുള്ള പര്യടനത്തില്‍ നിന്നും മനസിലാകുന്നത്. പരാജയ ഭീതി പൂണ്ട മുസ്ലിംലീഗ് വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. മണ്ഡലത്തില്‍ ഒട്ടേറെ പദ്ധതികള്‍ ഇനിയും പൂര്ത്തീകരിക്കാനുണ്ടന്നും അവ പൂര്‍ത്തീകരിച്ച് സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് സമീര്‍ ടി. തിരുത്തിയില്‍ പറഞ്ഞു.
സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന ഡീലിലാണ് തന്റെ പ്രവര്‍ത്തനം. സര്‍ക്കാറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എത്താത്ത വീടുകള്‍ മണ്ഡലത്തിലില്ല. ജനങ്ങളുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മുഹമ്മദ് സമീര്‍ ടി. തിരുത്തിയില്‍ പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. ജയന്, ജില്ലാ കമ്മിറ്റി അംഗം എന്‍. ആദില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



