വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ടുവെന്ന് അവകാശപ്പെടുന്ന എഫ്-15 ഇ സ്‌ൈട്രക്ക് ഈഗിള്‍ യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികനെ സാഹസികമായി രക്ഷപ്പെടുത്തി യു.എസ്. ശത്രുരാജ്യത്തിന്റെ മണ്ണില്‍ അകപ്പെട്ടുപോയ കേണല്‍ പദവിയിലുള്ള ഉദ്യോഗസ്‌ഥനെയാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ പുറത്തെത്തിച്ചത്.
24 മണിക്കൂറോളം നീണ്ട ദൗത്യത്തിലൂടെയാണ് യു.എസ്. സ്‌പെഷ്യല്‍ ഫോഴ്‌സ്, സൈനികനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. വ്യോമസേനയുടെ പിന്തുണയോടെ, നൂറുകണക്കിന് യു.എസ്. സൈനികര്‍ ഇറാന്റെ മണ്ണില്‍ നുഴഞ്ഞുകയറിയാണ് ദൗത്യം നടത്തിയത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് കോറുമായി കനത്ത ഏറ്റുമുട്ടലുമുണ്ടായി. പൈലറ്റ് ഒളിച്ചിരുന്ന സ്‌ഥലത്തിനു ചുറ്റുമുള്ള ഇറാന്റെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ യു.എസ്. വിമാനങ്ങള്‍ ആക്രമണം നടത്തി. അതിനിടയില്‍ പ്രത്യേക സൈനികസംഘം പൈലറ്റിനെ രക്ഷിച്ചു മടങ്ങുകയായിരുന്നു.
അമേരിക്കന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്നാണിതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ ദൗത്യത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കു പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്‌ടമാവുകയോ ചെയ്‌തിട്ടില്ലെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ അവകാശപ്പെട്ടു. 'ഞങ്ങള്‍ അയാളെ വീണ്ടെടുത്തു' എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് യു.എസ്. വിമാനം ഇറാന്‍ വെടിവച്ചിട്ടത്. ദക്ഷിണ ഇറാനില്‍ വീണ വിമാനത്തില്‍ പൈലറ്റും വെപ്പണ്‍സ് സിസ്‌റ്റംസ് ഓഫീസറുമാണുണ്ടായിരുന്നത്. വിമാനം തകരും മുമ്പ് ഇരുവരും ഇജക്‌ട് ചെയ്‌ത് (പൈലറ്റ് സീറ്റ് സഹിതം പുറത്തേക്കു തെറിച്ചു രക്ഷപ്പെടുന്ന രീതി) രക്ഷപ്പെട്ടു. വെപ്പണ്‍ സിസ്‌റ്റം ഓഫിസറെ അന്നുതന്നെ യു.എസ് സൈന്യം രക്ഷിച്ചെങ്കിലും പൈലറ്റിനെ കാണാതായി. ഈ സൈനികനെ രക്ഷിക്കാന്‍ യു.എസും ജീവനോടെ പിടിക്കാന്‍ ഇറാനും തീവ്രശ്രമം നടത്തിവരികയായിരുന്നു. സൈനികന്‍ 24 മണിക്കൂറോളം ഇറാന്റെ പര്‍വതമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സുരക്ഷാ പരിശീലനത്തില്‍ ലഭിച്ച അറിവുകളും തന്ത്രങ്ങളും ഉപയോഗിച്ചാണ് ഇറാന്‍ സൈന്യത്തിന്റെ പിടിയില്‍പെടാതെ കഴിഞ്ഞത്. അത്യാധുനിക സിഗ്‌നലിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് യു.എസ്. സൈനികന്‍ എവിടെയാണെന്നു കണ്ടെത്തി. തുടര്‍ന്നു കമാന്‍ഡോ യൂണിറ്റുകള്‍ ഇവിടേക്കെത്തി സൈനികനെ രക്ഷപ്പെടുത്തി കുവൈത്തിലെത്തിച്ചു.
പത്തോളം യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനം പ്രത്യേക കമാന്‍ഡോ യൂണിറ്റാണ് നടത്തിയതെന്നും വ്യോമസേന ശക്‌തമായ പിന്തുണ നല്‍കിയെന്നും യു.എസ്. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സൈനികനെ രക്ഷപ്പെടുത്തികൊണ്ടുപോയ ഹെലികോപ്‌റ്ററിനു വെടിയേറ്റെങ്കിലും സുരക്ഷിതമായി കുവൈത്തിലെത്തിക്കാന്‍ സാധിച്ചെന്നും യു.എസ്. വ്യക്‌തമാക്കി. രണ്ടുപേര്‍ക്കും വിമാനം തകര്‍ന്നതിന് ശേഷം യു.എസ്. സേനയുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞതും ഇവരെ കണ്ടെതത്തുന്നത് എളുപ്പമാക്കി. രക്ഷാദൗത്യം മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്‌ഥര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ നീക്കങ്ങളെ വഴിതിരിച്ചുവിടാനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചു.




