ദോഹ: യൂറോപ്പിന്റെയും ഇറ്റലിയുടെയും ദേശീയ സുരക്ഷയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി.
ഇറാന്‍ യുദ്ധം സൃഷ്‌ടിച്ച പ്രാദേശിക സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കവേയാണ് അവര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. പശ്‌ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ യൂറോപ്പിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നവയാണെന്നും അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം 'അടിസ്‌ഥാനപരമായ' ഒന്നാണെന്നും മെലോണി പറഞ്ഞു. യുദ്ധം സൃഷ്‌ടിക്കുന്ന അസ്‌ഥിരത ലഘൂകരിക്കുന്നതിനും മേഖലയില്‍ സമാധാനം പുനഃസ്‌ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കി. ആഗോള ഊര്‍ജ വിപണിയിലെ സ്‌ഥിരത ഉറപ്പാക്കുന്നതിനും സംഘര്‍ഷം വ്യാപിക്കാതിരിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മേഖലയിലെ പ്രമുഖ രാജ്യങ്ങളുമായുള്ള ഇറ്റലിയുടെ ബന്ധം ശക്‌തിപ്പെടുത്തുന്നതിനും നിലവിലെ പ്രതിസന്ധിയില്‍ സംയുക്‌തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനുമാണ് മെലോണിയുടെ ഗള്‍ഫ് സന്ദര്‍ശനം ലക്ഷ്യമിടുന്നത്.




