ദോഹ: പശ്‌ചിമമഷ്യന്‍ യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു സമാധാന പദ്ധതി ഇറാന്റെ മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് നിര്‍ദേശിച്ചു.
'ഫോറിന്‍ അഫയേഴ്‌സ്' മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. അന്താരാഷ്‌ട്ര നിരീക്ഷണത്തിന് വിധേയമായി ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പരിധി നിശ്‌ചയിക്കാം. യുറേനിയം സമ്പുഷ്‌ടീകരണ തോത് 3.67 ശതമാനത്തിന് താഴെയായി പരിമിതപ്പെടുത്താനും സരീഫ് നിര്‍ദേശിക്കുന്നു.
ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് പകരമായി ഇറാന്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ഭാവിയില്‍ പരസ്‌പരം ആക്രമിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന 'നോണ്‍അഗ്രഷന്‍' കരാറില്‍ അമേരിക്കയും ഇറാനും ഒപ്പിടുക.ചൈന, റഷ്യ, അമേരിക്ക എന്നിവരുടെ സഹായത്തോടെ ഗള്‍ഫ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു പ്രാദേശിക ഇന്ധന സമ്പുഷ്‌ടീകരണ കൂട്ടായ്‌മ രൂപീകരിക്കുക എന്നിവയാണ് സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.
സരീഫിന്റെ പദ്ധതി ബുദ്ധിപരമായ ഒന്നാണെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം അല്‍ താനി അഭിപ്രായപ്പെട്ടു.
എന്നാല്‍, ഇറാന്‍ വര്‍ഷങ്ങളായി കെട്ടിപ്പടുത്ത വിശ്വാസ്യത യുദ്ധം തകര്‍ന്നുവെന്നും സുഹൃത്തുക്കളെ നഷ്‌ടപ്പെടുത്തിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ഡ്രോണ്‍,മിസൈല്‍ ആക്രമണങ്ങളെ സരീഫ് അവഗണിച്ചുവെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് അന്‍വര്‍ ഗര്‍ഗാഷ് വിമര്‍ശിച്ചു.
അടിസ്‌ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്‌ക്കുന്നത് കരുത്തല്ല, മറിച്ച് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച 48 മണിക്കൂര്‍ സമയപരിധി അവസാനിക്കാനിരികെ പുറത്തുവന്ന സരീഫിന്റെ നിര്‍ദേശം നയതന്ത്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ഷഫീക്ക് അറയ്‌ക്കല്‍




