ടെഹ്റാന്: ഇറാനില്‍ യു.എസ്-ഇസ്രയേല്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ യഹൂദ പള്ളി (സിനഗോഗ്) തകര്‍ന്നു. ടെഹ്റാന് നഗരമധ്യത്തിലെ റാഫി-നിയ സിനഗോഗാണ് തകര്‍ന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലുടനീളം രാത്രിയുണ്ടായ ആക്രമണങ്ങളില്‍ 15 പേര് കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിനഗോഗിനോട് ചേര്‍ന്നുള്ള ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ആരാധനാലയവും തകര്‍ന്നതെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. സിനഗോഗ് പൂര്‍ണമായും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഹീബ്രു ഭാഷയിലുള്ള പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇറാനില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ മതങ്ങളില്‍ ഒന്നാണു യഹൂദമതം. നിലവില്‍ ഏതാനും ആയിരം പേര് മാത്രമാണ് ഇറാനിലെ യഹൂദമതസ്ഥര്‍. ഖൊറാസാന്‍ യഹൂദന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണ് തകര്‍ക്കപ്പെട്ട റാഫി-നിയ സിനഗോഗ്.
അതേസമയം, ഇറാനിലുടനീളം നടന്ന വിവിധ ആക്രമണങ്ങളില്‍ കുറഞ്ഞത് 15 പേര് കൊല്ലപ്പെട്ടു. ടെഹ്റാന് പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഷാഹ്രിയാറില് 9 പേരും, കിഴക്കന്‍ ഭാഗത്തുള്ള പര്‍ദിസില്‍ 6 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.





