ഇംഫാല്‍: റോക്കറ്റ് ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു സംഘര്‍ഷം രൂക്ഷമായതോടെ മണിപ്പുരില്‍ അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു.
ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബല്‍, കാക്ചിങ്, ബിഷ്ണുപൂര്‍ ജില്ലകളിലാണ് ഇന്റര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ്ങില്‍ വീടിനുനേരേയുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് അഞ്ചുവയസുള്ള കുട്ടിയും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടത്. അതിര്‍ത്തി സുരക്ഷാസേനാംഗമായ ഒയിനം മലങ്നന്ബയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു. കുക്കി തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ രോഷാകുലരായ നാട്ടുകാര്‍ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്കും ട്രക്കിനും തീയിട്ടു. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മൊയ്രാങ് പോലീസ് സ്റ്റേഷന് ഉപരോധിച്ചു. മേഖലയില്‍ സുരക്ഷാസേനകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.





