വാഷിങ്‌ടണ്‍: ഇറാനെ ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഒറ്റ രാത്രി ഒരു മുഴുവന്‍ നാഗരികതയും നശിക്കും. ഇനി ഒരിക്കലും തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ല. അത് സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷേ അത് സംഭവിക്കാന്‍ സാധ്യതയുണ്ട്'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 47 വര്‍ഷത്തെ കവര്‍ച്ച, അഴിമതി, മരണം എന്നിവ അവസാനിക്കുന്നതിനാല്‍ ആ രാത്രി ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'വിപ്ലവകരമായ അത്‌ഭുതം എന്തെങ്കിലും സംഭവിക്കാം' എന്ന് പറഞ്ഞുകൊണ്ട് ഒത്തുതീര്‍പ്പ് സാധ്യതയും ട്രംപ് തള്ളിയില്ല.
വാള്‍ സ്‌ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയും പ്രാദേശിക മധ്യസ്‌ഥരും 45 ദിവസത്തെ വെടിനിര്‍ത്തലിന് വേണ്ടി ശ്രമിച്ചുവരികയാണ്. എന്നാല്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മധ്യസ്‌ഥര്‍ അറിയിച്ചു. ഇതിനിടെ ഇറാനില്‍ തങ്ങളുടെ യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിച്ചതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അവകാശപ്പെട്ടു.
'നിങ്ങളും സഖ്യകക്ഷികളും ഇറാനിലെ പുരാതന സംസ്‌കാരത്തില്‍നിന്ന് മറക്കാനാവാത്ത തിരിച്ചടി നേരിടേണ്ടി വരും' എന്നായിരുന്നു ഇറാന്റെ പ്രതികരണം. 'ഒരു മാനസികരോഗിയുടെ ഭീഷണി' അവസാനിപ്പിക്കുമെന്നും ഇറാന്‍ അവകാശപ്പെട്ടു. 'അലക്‌സാണ്ടര്‍ കത്തിച്ചു. മംഗോളിയന്മാര്‍ കൊള്ളയടിച്ചു. ചരിത്രം അങ്ങനെ പരീക്ഷിച്ചു. ഇറാന്‍ ഇപ്പോഴും ഇവിടെയുണ്ട്. ഒരു മാനസികരോഗിയുടെ ഭീഷണികള്‍ക്ക് ഈ രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല.' - ഇറാന്‍ വ്യക്‌തമാക്കി.
ഇറാനിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരേ യു.എന്‍ രംഗത്തെത്തി. അടിസ്‌ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് രാജ്യാന്തര നിയമപ്രകാരം നിരോധിക്കപ്പെട്ടതാണെന്ന് യു.എന്‍. വക്‌താവ്‌പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ഇന്നലെ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹ്‌ര്‍ അറിയിച്ചു.
ഇറാനിലുള്ള പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഇന്ത്യ
ടെഹ്‌റാന്‍: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനു നല്‍കിയ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിലാണു നടപടി. ഇന്ത്യന്‍ പൗരന്മാര്‍ അടുത്ത 48 മണിക്കൂര്‍ അവര്‍ ഉള്ളിടത്ത് തന്നെ തുടരാന്‍ നിര്‍ദേശിച്ചു. 'എല്ലാ വൈദ്യുത, സൈനിക കേന്ദ്രങ്ങളില്‍നിന്നും ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളില്‍നിന്നും മാറി നില്‍ക്കണം. വീടിനുള്ളില്‍ തന്നെ തുടരുകയാണു നല്ലത്. എംബസിയുമായി സ്‌ഥിരമായി ബന്ധം പുലര്‍ത്തണം. ഔദ്യോഗിക അപ്‌ഡേറ്റുകള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം'- എംബസി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ എംബസിയുടെ അടിയന്തര നമ്പറുകളില്‍ (989128109115, 989128109102, 989128109109, 989932179359) ബന്ധപ്പെടാം. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതുവരെ 1,862 ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍നിന്ന് അര്‍മേനിയയിലേക്കും അസര്‍ബൈജാനിലേക്കും മാറ്റിയിട്ടുണ്ട്. ഇതില്‍ 935 വിദ്യാര്‍ഥികളും 472 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടും.




