
കൊച്ചി: വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായര്‍ എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിര്‍ദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാര്‍ഥികള്‍. ചുരുക്കം ദിവസങ്ങള്‍ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കണ്‍വെന്‍ഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങള്‍ മുന്നണികള്‍ പൂര്‍ത്തിയാക്കി. ഡീല്‍ വിവാദങ്ങളില്‍ ആരംഭിച്ച പ്രചാരണങ്ങള്‍ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോണ്‍ഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാര്‍ കാര്‍ഡുകളുടെ നിര്‍മ്മാണ ആരോപണത്തില്‍ എത്തി നില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്. ശേഷിക്കുന്ന മണിക്കൂറുകളും, ഒപ്പം കലാശക്കൊട്ടിന്റെ അവസാന നിമിഷങ്ങള്‍ വരെ സ്ഥാനാര്‍ഥികള്‍ കാടിളക്കിയുള്ള പ്രചാരണങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ഉറപ്പാണ്.






