
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചെടുത്ത് നീക്കം ചെയ്യുക, ശരീരത്തിലെ ജലാംശവും ലവണങ്ങളും കൃത്യമായ അളവില്‍ നിലനിര്‍ത്തുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നിവയാണ് വൃക്കകളുടെ പ്രധാന ധര്‍മ്മങ്ങള്‍. എന്നാല്‍ ഇന്നത്തെ മാറിയ ജീവിതശൈലിയും ഭക്ഷണക്രമവും നമ്മുടെ വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ജനസംഖ്യയില്‍ പത്തു ശതമാനത്തോളം പേര്‍ വിട്ടുമാറാത്ത വൃക്കരോഗങ്ങളാല്‍ (Chronic Kidney Disease) ബുദ്ധിമുട്ടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ പലപ്പോഴും രോഗം ഗുരുതരമായ ശേഷമായിരിക്കും നാം തിരിച്ചറിയുക. അതിനാല്‍, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.....
1. ധാരാളം വെള്ളം കുടിക്കുക (Stay Hydrated) - ഏറ്റവും പ്രധാനപ്പെട്ട ശീലമാണിത്. വൃക്കകളിലെ ഫില്‍ട്ടറുകളിലേക്ക് കൃത്യമായ രക്തചംക്രമണം ഉറപ്പാക്കാന്‍ പ്രതിദിനം 2.5 മുതല്‍ 3.0 ലിറ്റര്‍ വരെ വെള്ളം കുടിക്കണം. നിര്‍ജ്ജലീകരണം (Dehydration) വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനും, രക്തസമ്മര്‍ദ്ദം കുറയാനും, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകാനും കാരണമാകും.
2. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക (Avoid Salt Shaker) - ഭക്ഷണത്തില്‍ അധികമായി ഉപ്പ് ചേര്‍ക്കുന്നത് ഒഴിവാക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൃക്കരോഗങ്ങള്‍ തടയാനും പ്രതിദിനം 4 ഗ്രാമില്‍ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് ഉചിതം.
* സംസ്‌കരിച്ച ഇറച്ചി, സോയ സോസ്, ഉപ്പുള്ള പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
* വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ശീലമാക്കുക.
* മിതമായ അളവില്‍ മാത്രം പ്രോട്ടീന്‍ കഴിക്കുക (ശരീരഭാരത്തിന്റെ ഓരോ കിലോയ്ക്കും 0.8 ഗ്രാം എന്ന കണക്കില്‍).
3. പുകവലി ഉപേക്ഷിക്കുക (No Smoking) - പുകയിലയിലെ നിക്കോട്ടിന്‍ വൃക്കകളിലെ ഫില്‍ട്ടറുകള്‍ക്ക് ഹാനികരമാണ്. ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വൃക്കയിലെ കാന്‍സറിന് കാരണമാകുകയും ചെയ്യുന്നു.
4. ദിവസവും വ്യായാമം ചെയ്യുക (Exercise Daily) - ശരീരഭാരം നിയന്ത്രിക്കുന്നത് വൃക്കകളുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കുന്നു. അമിതഭാരം പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും, ഇത് ക്രമേണ വൃക്കകളെ നശിപ്പിക്കുന്നു. ആരോഗ്യകരമായ ബി.എം.ഐ (BMI) നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
5. മരുന്നുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക (Use Medicines Judiciously) - വേദനസംഹാരികള്‍ (ഉദാഹരണത്തിന്: Diclofenac, Ibuprofen) അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് വിഷതുല്യമാണ്. അതുപോലെ, ചില ആയുര്‍വേദ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ വൃക്കകളെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക.
6. വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ നടത്തുക (Annual Health Check-ups) - പല വൃക്കരോഗങ്ങളും പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല. അതിനാല്‍ കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്താന്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:
* ക്രിയാറ്റിനിന്‍ അളവ് (Creatinine levels)
* മൂത്രപരിശോധന (Urine analysis)
* അള്‍ട്രാസൗണ്ട് സ്‌കാനിംഗ് (Ultrasound)
* പ്രമേഹ പരിശോധന (HbA1c, Fasting glucose)
* രക്തസമ്മര്‍ദ്ദം കൃത്യമായി നിരീക്ഷിക്കുക.






