
കൊച്ചി: ശബരിമല ആടിയ നെയ്യ് ശിഷ്‌ടം വില്‍പനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെങ്കിലും ഉത്തരവാദിയാരെന്നു കണ്ടെത്താന്‍ കഴിയാതെ വിജിലന്‍സ്. സംസ്‌ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും.
ആടിയ നെയ്യ് ശിഷ്‌ടം വില്‍പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം വ്യക്‌തമാണ്. 25,52,000 രൂപയുടെ കണക്കിലാണു വ്യത്യാസം. രണ്ട് പ്രധാന കേന്ദ്രങ്ങളിലാണു കൂടുതല്‍ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും കണ്ടെത്തി. കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നതു നാല് സ്‌കൂള്‍ നോട്ടുബുക്കുകളിലായിട്ടാണെന്നും അതില്‍ മുഴുവന്‍ വെട്ടലും തിരുത്തലുമാണെന്നും കണ്ടെത്തി. എന്നാല്‍, ആരാണ് ഇതിനെല്ലാം ഉത്തരവാദി എന്നതില്‍ വിജിലന്‍സിനു കണ്ടെത്താനായിട്ടില്ല.
ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചതനുസരിച്ചാണു വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. 2025-2026 ശബരിമല മണ്ഡലകാലത്ത് നവംബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ സ്‌പെഷല്‍ ഓഫിസര്‍മാരായ മൂന്നുപേര്‍ക്കും വിവിധ കൗണ്ടറുകളില്‍ നെയ്യ് വില്‍പന നടത്തിയ 30 ശാന്തിമാര്‍ക്കും എതിരേയാണു കേസെടുത്തിരിക്കുന്നത്. സംസ്‌ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയില്‍ 41 ദിവസത്തെ മണ്ഡലകാലത്ത് നെയ്യ് വില്‍പനയില്‍ 21,39,190 രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. നൂറ് മില്ലി ലിറ്ററിന് നൂറ് രൂപ പ്രകാരം വില്‍ക്കുന്ന 21,239 പാക്കറ്റുകളിലാണു തിരിമറി നടന്നത്.






