
തിരുവനന്തപുരം: കോണ്‍ഗ്രസിനെ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അധികാരം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്‌ഥാനങ്ങളും ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസുമായി രഹസ്യ ധാരണ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസും ലീഗും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്‌തമായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അധികാര പങ്കിടലിന്റെ പേരില്‍ കോണ്‍ഗ്രസ്
രാഷ്‌ട്രീയ അടിമത്തത്തിലേക്ക് വഴുതുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ആറാം മന്ത്രിസ്‌ഥാനം വരെ നല്‍കാനുള്ള ധാരണ ഉണ്ടെങ്കില്‍ അത് ജനങ്ങളെ വഞ്ചിക്കുന്ന നീക്കമാണ്.
വരുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും ശക്‌തമായ തിരിച്ചടിയുണ്ടാകും.
കോണ്‍ഗ്രസ് നുണകളുടെ രാഷ്‌ട്രീയമാണ് നടത്തുന്നത്. സര്‍ദാര്‍ വല്ലഭ്‌ഭായ് പട്ടേല്‍, ലാല്‍ ബഹദൂര്‍ ശാസ്ര്‌തി, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ പാരമ്പര്യമുള്ള പാര്‍ട്ടി ഇന്ന് ദുര്‍ബലമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ദിശയറ്റ അവസ്‌ഥയിലാണ്. ഇന്ദിരാ ഗാന്ധി ശക്‌തയായ നേതാവായിരുന്നു. അവരുടെ പേരില്‍ വ്യാജ ഗ്യാരന്റികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ള, ആരോഗ്യവിദ്യാഭ്യാസ മേഖലകളിലെ വീഴ്‌ചകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് മൗനം പാലിച്ചത് സി.പി.എമ്മുമായുള്ള ധാരണയുടെ തെളിവാണ്. സി.പി.എമ്മിന്റെ അഴിമതികളെ ഉയര്‍ത്തിക്കാട്ടിയ ഏക പാര്‍ട്ടിയാണ് ബി.ജെ.പി. അവരുമായി ഒരു ധാരണയ്‌ക്കു ഇടയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്‌തമാക്കി.






