
തലശ്ശേരി: കൃത്യമായ വിശദീകരണങ്ങളില്ലാതെ െ്രെകസ്തവ സഭകളുടേതടക്കം ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രം സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അദ്ദേഹം ആരോപിച്ചത്. ഈ നടപടി സഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണകൂടങ്ങള്‍ മാറിയാലും സഭയുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കായി പ്രത്യേക വോട്ട് ബാങ്ക് രൂപീകരിക്കാന്‍ സഭയ്ക്ക് പദ്ധതിയൊന്നുമില്ല. പ്രഖ്യാപിത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന സഭ ആരില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
സഭയുടെ പേരില്‍ പ്രത്യേക ക്രിസ്ത്യന്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള ഒരു നീക്കത്തെയും തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഐക്യത്തോടെ നീങ്ങണമെന്ന് വിശ്വാസികള്‍ക്ക് തോന്നിയാല്‍ അവര്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും. ഇത്തരം കാര്യങ്ങളില്‍ സഭ നേരിട്ട് ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആര്‍.എ) പുതിയ ഭേദഗതികള്‍ പൗരാവകാശ ലംഘനമാണെന്നാണ് പാംപ്ലാനിയുടെ പക്ഷം. വിദേശത്തുനിന്ന് വലിയ തോതില്‍ ധനസഹായം കൈപ്പറ്റുന്ന നിരവധി സമുദായ സംഘടനകള്‍ വേറെയുമുണ്ടെന്നും ഇതൊരു ക്രിസ്ത്യന്‍ പ്രശ്‌നമായി മാത്രം കാണേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.






