
തിരുവനന്തപുരം: കേരളത്തെ നടുക്കിയ പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും കരിമണല്‍ ലോബിയെ സഹായിക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും ആക്ഷേപം ഉന്നയിച്ച് മാത്യു കുഴല്നാടന് എംഎല്‍എ രംഗത്ത്. സര്‍ക്കാരിനും മുന്‍ ജലസേചന വകുപ്പ് മന്ത്രിക്കും എതിരെ അതീവ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉയര്‍ത്തിയത്. തോട്ടപ്പള്ളി സ്പില്‍വേ യഥാസമയം തുറക്കാതിരുന്നതാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രളയസാധ്യതയുണ്ടായിട്ടും തോട്ടപ്പള്ളി സ്പില്‍വേ യഥാസമയം തുറക്കാതിരുന്നത് ഒരു സ്വകാര്യ കരാര്‍ കമ്പനിയെ സഹായിക്കാനാണെന്ന് ആരോപിച്ചു. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് നിലവിലെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഒരു പഴയകാല ശബ്ദസന്ദേശം തെളിവായി കാണിച്ചാണ് ആക്ഷേപം.
മുന്‍ ജലസേചന മന്ത്രി മാത്യു ടി. തോമസും അന്നത്തെ ചീഫ് എഞ്ചിനീയറും ചേര്‍ന്നാണ് ഈ അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് പറയുന്ന ശബ്ദരേഖയിലുണ്ട്. സ്പില്‍വേ തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട വെള്ളം കൊണ്ടുപോകുമെന്നതിലാണ് തുറക്കാതിരുന്നത്. ഈ നടപടി പ്രളയത്തിന് ആക്കം കൂട്ടിയെന്നാണ് ആക്ഷേപം.
ക്യൂബിക് മീറ്ററിന് വെറും 62 രൂപ നിരക്കില്‍ കരാര്‍ നല്കിയ മണല്‍, പുറത്ത് മറിച്ചുവിറ്റാല്‍ 2,000 രൂപയോളം ലഭിക്കുമായിരുന്നു. ഏകദേശം 300 കോടി രൂപയുടെ ലാഭമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ശബ്ദരേഖയില്‍ പറയുന്നു. കരിമണല്‍ ലോബിയുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്കായി ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിട്ടെന്ന് കുറ്റപ്പെടുത്തി.






