
വിവാഹമോചനത്തെ ഇപ്പോഴും പൂര്‍ണ്ണമായി അംഗീകരിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. പെണ്മക്കളോട് എത്ര ബുദ്ധിമുട്ടാണെങ്കിലും പിടിച്ചുനില്‍ക്കണം എന്നാണ് പല മാതാപിതാക്കളും സാധാരണയായി ഉപദേശിക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിവാഹമോചിതയായ മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി സ്വീകരിച്ചിരിക്കുകയാണ് ഒരു അച്ഛന്. വളരെ കാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചനം ലഭിച്ച മകളെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് അദ്ദേഹം സ്വീകരിച്ചത്.
മീററ്റ് സ്വദേശിയായ ഡോ. ജ്ഞാനേന്ദ്ര ശര്‍മയാണ് തന്റെ മകള്‍ പ്രണിതയുടെ വിവാഹമോചനം ഇത്തരത്തില്‍ ആഘോഷമാക്കിയത്. 'എന്റെ മകളെ ഞാന്‍ സ്നേഹിക്കുന്നു, അവളാണ് എന്റെ ഹൃദയവും ആത്മാവും' എന്നെഴുതിയ ടിഷര്‍ട്ടുകള്‍ ധരിച്ചാണ് ബന്ധുക്കള്‍ ചടങ്ങിനെത്തിയത്. കോടതിക്ക് പുറത്ത് വാദ്യമേളങ്ങള്‍ മുഴക്കിയും ലഡു വിതരണം ചെയ്തുമാണ് കുടുംബം സന്തോഷം പങ്കിട്ടത്. 2018ല്‍ വിവാഹിതയായ പ്രണിത, ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ 2021ലാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
ജീവിതത്തിലെ ഈ പ്രതിസന്ധി ഘട്ടം പിന്നിടുമ്പോഴും അതേ അന്തസ്സോടെ മകളെ വരവേല്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് ഡോ. ജ്ഞാനേന്ദ്ര ശര്‍മ പറഞ്ഞു. മകളുടെ ജനനസമയത്ത് താന്‍ ചെണ്ടകൊട്ടി ആഘോഷിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'വിവാഹമോചനം എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് സമാധാനപരമായ മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്; എന്റെ മകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയാണ് എന്റെ ലക്ഷ്യം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളുമായി അനേകമാളുകള്‍ രംഗത്തെത്തി. ഇങ്ങനെയൊരു ആഘോഷത്തിന്റെ ആവശ്യമില്ലായിരുന്നു എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍, നമ്മുടെ പെണ്മക്കള്ക്ക് നമ്മളുണ്ടെന്ന് കാണിക്കാന്‍ ഇത് നല്ലത് തന്നെയാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഒരച്ഛനെയും കുടുംബത്തെയും കിട്ടാന്‍ ഭാഗ്യം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറിച്ചു.






