
ടെഹ്റാന്/വാഷിങ്ടണ്‍: ഇന്നലെയോടെ ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ വന്‍ ആക്രമണം നേരിടേണ്ടി വരുമെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാന് തള്ളിയതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന് ആശങ്ക. താല്‍ക്കാലിക വെടിനിര്‍ത്തലിനായി മധ്യസ്ഥര്‍ മുഖേന മുന്നോട്ടുവച്ച നിര്‍ദേശം ഇറാന് നിരസിച്ചതായി ഒരു മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥന് പറഞ്ഞു.
യു.എസും ഇസ്രയേലും അവരുടെ ആക്രമണം അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ലെന്നും യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും ഉറപ്പുനല്കിയെങ്കില് മാത്രമേ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയൂവെന്നാണ് ഇറാന്റെ ഉപാധി.
ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം വേണമെന്നും അതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്കു ഫീസ് ചുമത്താന്‍ അവകാശം വേണമെന്നും ഇറാന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇന്നലെ രാത്രി എട്ടു മണിയോടെ ഇറാന് ഹോര്‍മൂസ് തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. തങ്ങളെ ആക്രമിച്ചാല്‍, ഗള്‍ഫിലെ യു.എസിന്റെ സഖ്യകക്ഷികള്‍ക്കുമേല്‍ കനത്ത ആക്രമണം നടത്തുമെന്നാണ് ഇറാന്റെ മറുപടി. ഇറാന് അന്ത്യശാസനം തള്ളിയതോടെ ട്രംപിന്റെ അടുത്ത നടപടി എന്താകുമെന്ന ആശങ്കയിലാണു ലോകം. അതേ സമയം, ഇറാനുമേല്‍ ആക്രമണം തുടരുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ജൂതദേവാലയമായ സിനഗോഗ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നു. റാഫി-നിയ സിനഗോഗിന്റെ അവശിഷ്ടങ്ങളില്‍ ഹീബ്രു ഭാഷയിലുള്ള പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ഇറാന് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.
' ജൂത വിശുദ്ധ ദിനങ്ങളില്‍പോലും സയണിസ്റ്റ് ഭരണകൂടം ആ സമൂഹത്തെ വെറുതെ വിടാതെ, പുരാതനവും വിശുദ്ധവുമായ സിനഗോഗുകളിലൊന്നിനെ ആക്രമിച്ച'തായി ഇറാന് പാര്‍ലമെന്റിലെ ജൂത സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഹോമയൂണ്‍ സമേഹ് പറഞ്ഞു.
ഇസ്രയേല്‍ സൈന്യം സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ആയിരക്കണക്കിന് അംഗങ്ങളുള്ള ഇറാനിലെ പുരാതന ജൂത സമൂഹം, പശ്ചിമേഷ്യയില്‍ ഇസ്രയേലിനു പുറത്തുള്ള ഏറ്റവും വലിയ ജൂതസമൂഹമാണ്. പാകിസ്താന്റെ മധ്യസ്ഥതയില്‍ യു.എസും ഇറാനും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും വെടിനിര്‍ത്തലിനുള്ള സൂചനകളില്ല. ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങുകയാണെന്നു പാകിസ്താനിലെ ഇറാന് അംബസാഡര്‍ കഴിഞ്ഞദിവസം പറഞ്ഞെങ്കിലും വിശദാംശങ്ങള്‍ നല്‍കിയില്ല.






