
ന്യൂഡല്‍ഹി: മദ്ധ്യേഷ്യയില്‍ സംഘര്‍ഷം അയയുന്ന സൂചന നല്‍കിയ അമേരിക്കയ്ക്ക് പിന്നാലെ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും. അമേരിക്കന്‍ പ്രസിഡന്റിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസ്താവന ഇറക്കി. അതേസമയം ഇറാന്‍ മുന്നോട്ടു വെച്ച പത്തിന നിര്‍ദേശങ്ങളില്‍ ലെബനനെതിരേയുള്ള ആക്രമണത്തിന്റെ കാര്യം ഒഴിവാക്കണമെന്നാണ് ഇസ്രായേല്‍ പറയുന്നത്.
വെടിനിര്‍ത്തല്‍ ലെബനന് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മുന്‍ പ്രഖ്യാപനത്തെ തള്ളിക്കൊണ്ടാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന. 'വരാനിരിക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കയും ഇസ്രായേലും മേഖലയിലെ മറ്റ് സഖ്യകക്ഷികളും പങ്കുവെക്കുന്ന ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെടുന്നില്ല.'' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
യുഎസ്, ഇറാന്‍, അവരുടെ സഖ്യകക്ഷികള്‍ എന്നിവര്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ ലെബനന്‍ ഉള്‍പ്പെടെ എല്ലായിടത്തും ബാധകമാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ വിശദീകരണം. വെടിനിര്‍ത്തലിനായി പത്തിന നിര്‍ദേശമാണ് ഇറാന്‍ മൂമ്പോട്ട് വെച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍.
ആക്രമണരഹിത നയം, ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന്റെ നിയന്ത്രണം തുടരുക, യൂറേനിയം സമ്പുഷ്ടീകരണത്തിനുള്ള അംഗീകാരം, എല്ലാ പ്രാഥമിക ഉപരോധങ്ങളും നീക്കം ചെയ്യുക, എല്ലാ ദ്വിതീയ ഉപരോധങ്ങളും നീക്കം ചെയ്യുക, യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ എല്ലാ പ്രമേയങ്ങളും അവസാനിപ്പിക്കുക, ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ എല്ലാ പ്രമേയങ്ങളും അവസാനിപ്പിക്കുക, ഇറാന് നഷ്ടപരിഹാരം നല്‍കുക, മേഖലയില്‍ നിന്ന് യുഎസ് യുദ്ധസേനയെ പിന്‍വലിക്കുക, ലെബനനിലെ വീരോചിതമായ ഇസ്ലാമിക് റെസിസ്റ്റന്‍സിനെതിരെയുള്ളത് ഉള്‍പ്പെടെ എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക. എന്നിവയാണ് നിര്‍ദേശം.
അമേരിക്കയുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ധാരണയായതിനെത്തുടര്‍ന്ന്, എല്ലാ സൈനിക വിഭാഗങ്ങളോടും വെടിനിര്‍ത്താന്‍ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് ടെഹ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഇത് യുദ്ധത്തിന്റെ അവസാനമല്ല, എങ്കിലും എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിന്റെ ഉത്തരവ് പാലിച്ച് വെടിനിര്‍ത്തല്‍ നടപ്പിലാക്കേണ്ടതാണ്.' ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഖമേനി ഇപ്രകാരം പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യാന്‍ ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെ ഹിസ്ബുള്ള റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനെത്തുടര്‍ന്ന്, മാര്‍ച്ച് 2-നാണ് പ്രതിസന്ധിയിലായ ലെബനന്‍ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. ഇതിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ വന്‍തോതിലുള്ള ആക്രമണങ്ങളില്‍ ലെബനനില്‍ ഇതുവരെ 1,500-ലധികം ആളുകള്‍ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന പത്ത് ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.






