
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം ആശങ്കാജനകമായി തുടരുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച പുറത്തിറക്കിയ അടിയന്തര നിർദേശത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്കാർക്ക് മടങ്ങാനായി എംബസി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കൃത്യമായ വിവരങ്ങളില്ലാതെ അതിർത്തികളിലേക്ക് പോകരുതെന്നും അധികൃതർ കർശനമായി അറിയിച്ചിട്ടുണ്ട്. സഹായത്തിനായി എംബസി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) ഇമെയിൽ വിലാസവും (cons.tehran@mea.gov.in) സജ്ജമാക്കിയിട്ടുണ്ട്.
യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഈ ജാഗ്രതാ നിർദേശം പുതുക്കി നൽകിയത്. ചൊവ്വാഴ്ച നൽകിയ മുന്നറിയിപ്പിൽ ജനങ്ങൾ 48 മണിക്കൂർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും നിർദേശിച്ചിരുന്നു.
⚠️ Advisory as on 08 April 2026. pic.twitter.com/pusFQIAKKI
— India in Iran (@India_in_Iran) April 8, 2026
നിലവിൽ ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് കണക്ക്. ഇതിൽ 1,862 പേരെ അയൽരാജ്യങ്ങളായ അർമേനിയ, അസർബൈജാൻ വഴി സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇപ്പോൾ വെടിനിർത്തൽ ഉണ്ടെങ്കിലും സാഹചര്യം എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാലാണ് പൗരന്മാരോട് ഉടൻ മടങ്ങാൻ സർക്കാർ നിർദേശിച്ചിരിക്കുന്നത്.






