
പാലക്കാട് കടമ്പഴിപ്പുറത്ത് നിന്നും കർണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 വയസുകാരിയെ ചിക്കമംഗളൂരുവിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിനും വ്യൂപോയിന്റിന് സമീപത്ത് നിന്നും കാണാതായത്
പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘത്തോടൊപ്പം മാണിക്യധാര വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു നന്ദന. കുന്നിൻ മുകളിൽ എത്തിയപ്പോഴാണ് കുട്ടി സംഘത്തിലില്ലെന്ന വിവരം കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞത്. മിനിറ്റുകൾക്ക് മുൻപ് വരെ എല്ലാവർക്കുമൊപ്പം ഉണ്ടായിരുന്ന നന്ദനയുടെ പെട്ടെന്നുള്ള തിരോധാനം വലിയ ദുരൂഹതയാണ് ഉയർത്തുന്നത്.
നിലവിൽ ചിക്കമംഗളൂരു റൂറൽ പോലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ വനമേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. എന്നാൽ മലനിരകളിലെ കനത്ത മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വന്യമൃഗ സാന്നിധ്യമുള്ള മേഖലയായതിനാൽ കുട്ടിയുടെ സുരക്ഷയെ സംബന്ധിച്ച് കുടുംബം വലിയ ആശങ്കയിലാണ്.
അടുത്തിടെ മടിക്കേരിയിൽ സമാനമായ സാഹചര്യത്തിൽ കാണാതായ ശരണ്യ എന്ന യുവതിയെ ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരുന്നു. ഉൾവനത്തിൽ വനത്തിൽ കാണാതായതുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളും ചർച്ചകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, നന്ദനയുടെ കേസിലും പലവിധത്തിലുള്ള സംശയങ്ങൾ ഉയരുന്നുണ്ട്. ട്രെക്കിംഗിനിടെ ഇത്തരം തിരോധാനങ്ങൾ വർദ്ധിക്കുന്നത് യാദൃശ്ചികമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന സംശയമാണ് ഉയരുന്നത്.






