
ദോഹ: ബുധനാഴ്ച രാത്രി ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ഖത്തർ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിക്കുന്നതിനിടെ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചു. ദോഹയിലെ മുറൈഖ് പ്രദേശത്തെ സ്വദേശിയുടെ വീടിന് മുകളിൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നാണ് ഒരു ഖത്തറി പെൺകുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റത്.
പരിക്കേറ്റവരുടെ നില നിലവിൽ തൃപ്തികരമാണെങ്കിലും അവർക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ പ്രത്യേക മെഡിക്കൽ സംഘം പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വീടിന് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സംഭവത്തെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഷഫീക്ക് അറയ്ക്കൽ






