
ദോഹ: മേഖലയിൽ ആളിപ്പടരുന്ന ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു സമാധാന പദ്ധതി ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് നിർദ്ദേശിച്ചു. 'ഫോറിൻ അഫയേഴ്സ്' മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം തന്റെ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.അന്താരാഷ്ട്ര നിരീക്ഷണത്തിന് വിധേയമായി ഇറാന്റെ ആണവ പദ്ധതികൾക്ക് പരിധി നിശ്ചയിക്കാം.
യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിന് താഴെയായി പരിമിതപ്പെടുത്താനും മുൻ ഇറാൻ വിദേശകാര്യ മന്ത്രി നിർദ്ദേശിക്കുന്നു.ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിന് പകരമായി ഇറാൻ ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുക.ഭാവിയിൽ പരസ്പരം ആക്രമിക്കില്ലെന്ന് ഉറപ്പുനൽകുന്ന 'നോൺ-അഗ്രഷൻ' കരാറിൽ അമേരിക്കയും ഇറാനും ഒപ്പിടുക.ചൈന, റഷ്യ, അമേരിക്ക എന്നിവരുടെ സഹായത്തോടെ ഗൾഫ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു പ്രാദേശിക ഇന്ധന സമ്പുഷ്ടീകരണ കൂട്ടായ്മ രൂപീകരിക്കുകഎന്നിവയാണ് സരീഫിന്റെ സമാധാന പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ.സരീഫിന്റെ പദ്ധതി ബുദ്ധിപരമായ ഒന്നാണെന്ന് മുൻ ഖത്തർ പ്രധാനമന്ത്രി ഹമദ് ബിൻ ജാസിം അൽ താനി അഭിപ്രായപ്പെട്ടു. എങ്കിലും, യുദ്ധം മൂലം ഇറാൻ വർഷങ്ങളായി കെട്ടിപ്പടുത്ത വിശ്വാസ്യത തകർന്നുവെന്നും സുഹൃത്തുക്കളെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ സരീഫ് അവഗണിച്ചുവെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വിമർശിച്ചു. അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് കരുത്തല്ല, മറിച്ച് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെ സരീഫിന്റെ ഈ നിർദ്ദേശങ്ങൾ നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഷഫീക്ക് അറയ്ക്കൽ






