
ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തിയ തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലുണ്ടായ സകല നാശനഷ്ടങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ഖത്തർ ഔദ്യോഗികമായി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇറാന്റെ കടന്നുകയറ്റത്തെത്തുടർന്ന് രാജ്യം നേരിട്ട സാമ്പത്തികവും ഭൗതികവുമായ തകർച്ചയ്ക്ക് ഇറാൻ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാട്ടി ഖത്തർ ഐക്യരാഷ്ട്രസഭയ്ക്കും, സെക്യൂരിറ്റി കൗൺസിലിനും കത്തുകൾ കൈമാറി.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനിയാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കി രണ്ട് സുപ്രധാന കത്തുകൾ സമർപ്പിച്ചത്.
ഇറാന്റെ നിയമവിരുദ്ധമായ ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര ഉത്തരവാദിത്തത്തിന്റെ പരിധിയിൽ വരുമെന്നും, അതിനാൽ തന്നെ ഖത്തറിനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും കത്തിൽ ഊന്നിപ്പറയുന്നു. എല്ലാ നാശനഷ്ടങ്ങളും അതത് മന്ത്രാലയങ്ങൾ രേഖപ്പെടുത്തി വരികയാണെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും ഖത്തർ വ്യക്തമാക്കി.
നേരത്തെ ഇറാൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പാസാക്കിയ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്റെ ലംഘനമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. സമാധാനം നിലനിർത്താൻ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ആക്രമണകാരികളെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഷഫീക്ക് അറയ്ക്കൽ






