കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ജനാധിപത്യം പൗരന് നല്‍കുന്ന ഏറ്റവും വലിയ അധികാരവും പവിത്രമായ കടമയും വിനിയോഗിക്കപ്പെടുന്ന ദിനം. അടുത്ത അഞ്ചു വര്‍ഷം കേരളത്തെ ആരു നയിക്കണം, നമ്മുടെ നാടിന്റെ വികസന പരിഗണനകള്‍ എന്താകണം, വരുംതലമുറയുടെ പ്രതീക്ഷകള്‍ക്ക് എങ്ങനെ നിറം പകരണം എന്നതിനെക്കുറിച്ചുള്ള നിര്‍ണായകമായ വിധിതീര്‍പ്പാണ് ഇന്ന് ഓരോ മലയാളിയും ബാലറ്റ് ബോക്‌സുകളില്‍ രേഖപ്പെടുത്തുന്നത്.
ജനാധിപത്യം എന്നത് വെറുമൊരു ഭരണക്രമമല്ല, മറിച്ച് ഓരോ പൗരനും ഭരണകൂടത്തിന്റെ ഭാഗമാകുന്ന മഹത്തായ പ്രക്രിയയാണ്. ഈ പ്രക്രിയയില്‍ നിസംഗത പാലിക്കുന്നത് ജനാധിപത്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാകും. 'എന്റെ ഒരു വോട്ട് എന്ത് മാറ്റമുണ്ടാക്കാന്‍' എന്ന ചിന്തയ്‌ക്ക് ഇന്ന് പ്രസക്‌തിയില്ല., ഓരോ വോട്ടും ഒരു നിലപാടാണ്.
തെരഞ്ഞെടുപ്പ് വേളകളില്‍ ഉയരാറുള്ള വൈകാരിക വിഷയങ്ങള്‍ക്കും താത്‌കാലിക പ്രലോഭനങ്ങള്‍ക്കും അപ്പുറം വസ്‌തുനിഷ്‌ഠമായ വിലയിരുത്തലുകള്‍ക്കാണ് വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കേണ്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണവും വരാനിരിക്കുന്ന അഞ്ചു വര്‍ഷത്തേക്കുള്ള വാഗ്‌ദാനങ്ങളും തമ്മിലുള്ള താരതമ്യം ഓരോ പൗരനും സ്വയം നടത്തണം. അടിസ്‌ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, പ്രവാസികളുടെ പുനരധിവാസം, കാര്‍ഷിക പ്രതിസന്ധി തുടങ്ങി കേരളം നേരിടുന്ന സങ്കീര്‍ണമായ വെല്ലുവിളികളെ ശാസ്‌ത്രീയമായി അഭിസംബോധന ചെയ്യാന്‍ ആര്‍ക്കാണ് സാധിക്കുക എന്നതാകണം വോട്ടിന്റെ മാനദണ്ഡം.
വ്യക്‌തിഗതമായ താല്‍പര്യങ്ങള്‍ക്കും രാഷ്‌ട്രീയ വിധേയത്വങ്ങള്‍ക്കും അപ്പുറം, വോട്ടര്‍മാര്‍ തങ്ങളുടെ മണ്ഡലത്തിലെ സ്‌ഥാനാര്‍ഥികളുടെ ഗുണനിലവാരവും നിയമസഭയിലെ അവരുടെ ഇടപെടല്‍ ശേഷിയും വിലയിരുത്തേണ്ടത് അനിവാര്യമാണ്. നിയമനിര്‍മാണ സഭകളില്‍ നാടിന്റെ ശബ്‌ദമാകേണ്ടവര്‍ വെറും കൈയുയര്‍ത്തുന്ന യന്ത്രങ്ങളായി മാറരുത്. ജനകീയ പ്രശ്‌നങ്ങള്‍ പഠിക്കാനും അവ യുക്‌തിഭദ്രമായി അവതരിപ്പിക്കാനും പ്രാപ്‌തിയുള്ളവരെ തെരഞ്ഞെടുക്കുന്നത് ഭരണകൂടത്തെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതാക്കാന്‍ സഹായിക്കും. ഓരോ മണ്ഡലത്തിലെയും പ്രാദേശിക പ്രശ്‌നങ്ങളും സംസ്‌ഥാനത്തിന്റെ പൊതുവായ വികസന കാഴ്‌ചപ്പാടുകളും സമന്വയിപ്പിക്കാന്‍ കഴിയുന്ന ജനപ്രതിനിധികളെ കണ്ടെത്തുന്നതിലാകണം വോട്ടറുടെ ശ്രദ്ധ. ബഹളങ്ങളേക്കാള്‍ സംവാദങ്ങള്‍ക്കും, വാഗ്‌ദാനങ്ങളേക്കാള്‍ പ്രായോഗികതയ്‌ക്കും മുന്‍ഗണന നല്‍കുന്ന ഒരു രാഷ്‌ട്രീയ സംസ്‌കാരം രൂപപ്പെടാന്‍ ഈ സൂക്ഷ്‌മമായ വിലയിരുത്തല്‍ അനിവാര്യമാണ്.
പ്രത്യേകിച്ച് കന്നി വോട്ടര്‍മാരോടും യുവാക്കളോടും ഒരു കാര്യം സൂചിപ്പിക്കാനുണ്ട്. കേരളത്തിന്റെ ബൗദ്ധികമായ മൂലധനം നാടുവിടുന്ന 'ബ്രെയിന്‍ ഡ്രെയിന്‍' എന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഉതകുന്ന ദീര്‍ഘവീക്ഷണം ആര്‍ക്കുണ്ട് എന്ന് നിങ്ങള്‍ ചിന്തിക്കണം. സാങ്കേതിക വിദ്യയും വിജ്‌ഞാന സമ്പദ്‌വ്യവസ്‌ഥയും ഒത്തുചേരുന്ന പുതിയ കാലത്തെ കേരളത്തെ നയിക്കാന്‍ പ്രാപ്‌തിയുള്ളവരെ തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.
മതപരമോ ജാതീയമോ ആയ വേര്‍തിരിവുകള്‍ക്ക് അതീതമായി, നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങളും സാമൂഹിക ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നേതൃത്വത്തിനാകണം മുന്‍ഗണന. വോട്ടുചെയ്യുക എന്നത് നമ്മുടെ ജീവിതനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന കരാറാണ്. ഭരണകര്‍ത്താക്കളെ നിശ്‌ചയിക്കാനുള്ള ഈ അസുലഭാവസരം പാഴാക്കരുത്. കാലാവസ്‌ഥാ വ്യതിയാനം തൊട്ട് കടക്കെണി വരെയുള്ള കേരളത്തിന്റെ സവിശേഷമായ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്ന ഒരു ഭരണകൂടത്തെ നമുക്ക് ആവശ്യമുണ്ട്. ഭയരഹിതമായും സ്വതന്ത്രമായും സമ്മതിദാനാവകാശം വിനിയോഗിക്കുക. നിങ്ങളുടെ ഓരോ വോട്ടും കേരളത്തിന്റെ ഭാവിയെ കരുപിടിപ്പിക്കാനുള്ള നിക്ഷേപമാണ്. സമാധാനപരമായ പോളിങ്ങിലൂടെ കരുത്തുറ്റ ഒരു ജനവിധി നമുക്ക് എഴുതിച്ചേര്‍ക്കാം. നമുക്ക് വോട്ട് ചെയ്യാം, കേരളത്തിന്റെ ഉന്നമനത്തിനായി.




