പശ്‌ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടര്‍ പട്ടികയില്‍ നടന്ന വന്‍ വെട്ടിനിരത്തല്‍ സംസ്‌ഥാനത്തെ രാഷ്‌ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളിലൂടെ സംസ്‌ഥാനത്തെ 12 ശതമാനം വോട്ടര്‍മാരാണ് പട്ടികയ്‌ക്ക് പുറത്തായത്. കഴിഞ്ഞ ഒക്‌ടോബറില്‍ 7.66 കോടിയായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഇതോടെ 6.77 കോടിയായി ചുരുങ്ങി. ആകെ 90.83 ലക്ഷം പേരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്‌തത്. ജുഡീഷ്യല്‍ റിവ്യൂവിന് ശേഷം അവസാനഘട്ടത്തില്‍ പുറത്തായ 27.16 ലക്ഷം പേര്‍ക്ക് കൂടി വോട്ടവകാശം നഷ്‌ടമായതോടെ, ബംഗാള്‍ രാഷ്‌ട്രീയത്തിലെ പരമ്പരാഗത കണക്കുകൂട്ടലുകളെല്ലാം തെറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളായിരുന്ന മേഖലകളിലാണ് വോട്ടര്‍ പട്ടികയിലെ ഈ മാറ്റം ഏറ്റവും വലിയ വിള്ളലുണ്ടാക്കിയിരിക്കുന്നത്. ന്യൂനപക്ഷ, ഭൂരിപക്ഷ ജില്ലകളിലും തെക്കന്‍ ബംഗാളിലുമായി തൃണമൂലിന്റെ വിജയത്തിന് നിര്‍ണായകമായിരുന്ന എട്ട് ജില്ലകളില്‍ മാത്രം 66.6 ലക്ഷം വോട്ടുകള്‍ ഇല്ലാതായി. ഇത് ആകെ കുറഞ്ഞ വോട്ടുകളുടെ മുക്കാല്‍ ഭാഗത്തോളമാണ്. നോര്‍ത്ത്‌സൗത്ത് 24 പര്‍ഗാനാസ്, മുര്‍ഷിദാബാദ്, മാള്‍ഡ തുടങ്ങിയ ജില്ലകളിലെ ഈ വലിയ കുറവ് തൃണമൂലിന്റെ ഭൂരിപക്ഷത്തെ കാര്യമായി ബാധിച്ചേക്കാം. ഇതിനുപുറമെ മമത ബാനര്‍ജിയുടെ പ്രധാന വോട്ട് ബാങ്കായ വനിതാ വോട്ടര്‍മാരുടെ അനുപാതം 1000 പുരുഷന്മാര്‍ക്ക് 959 എന്നതില്‍നിന്ന് 950 ആയി കുറഞ്ഞതും ഭരണകക്ഷിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
അതേസമയം, വോട്ടര്‍ പട്ടികയിലെ ഈ അഴിച്ചുപണി ബി.ജെ.പിയെയും വലിയ തോതില്‍ ആശങ്കയിലാക്കുന്നുണ്ട്. ബി.ജെ.പിയുടെ ഏറ്റവും വിശ്വസ്‌തമായ വോട്ട് ബാങ്കായിരുന്ന 'മതുവ' അഭയാര്‍ഥി മേഖലകളില്‍ വന്‍തോതില്‍ വോട്ടുകള്‍ വെട്ടിമാറ്റപ്പെട്ടതാണ് പാര്‍ട്ടിയെ കുഴപ്പിക്കുന്നത്.
നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് തുടങ്ങിയ ജില്ലകളിലെ 55 സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള മതുവ വോട്ടുകളില്‍ വലിയ ഇടിവുണ്ടായി. നാദിയ ജില്ലയില്‍ മാത്രം പരിശോധനയ്‌ക്ക് വിധേയമായ വോട്ടര്‍മാരില്‍ 78 ശതമാനം പേരെയും നീക്കം ചെയ്‌തു. വടക്കന്‍ ബംഗാളിലും ജംഗിള്‍മഹലിലും ബി.ജെ.പിക്ക് സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കുമെങ്കിലും, അഭയാര്‍ഥി വോട്ടുകളിലെ ഈ കുറവ് തിരിച്ചടിയാകുമോ എന്ന ഭീതിയിലാണ് ബി.ജെ.പി. നേതൃത്വം.
വോട്ടര്‍ പട്ടിക മരവിപ്പിക്കുന്നത് നീട്ടിവയ്‌ക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെ, പുറത്തായ 27.16 ലക്ഷം പേര്‍ക്കും ഈമാസം 23, 29 തീയതികളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇത് ആസൂത്രിതമായ 'വോട്ട് മോഷണം' ആണെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. 294 മണ്ഡലങ്ങളില്‍ 120ലധികം സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയത്തേക്കാള്‍ വലിയ സംഖ്യയാണ് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ട് രേഖപ്പെടുത്തുന്നവര്‍ക്കൊപ്പം തന്നെ പട്ടികയില്‍നിന്ന് പുറത്തായവരും ബംഗാള്‍ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന അവസ്‌ഥയാണിപ്പോള്‍.





