വാഷിങ്ടണ്‍/ടെഹ്റാന്: ഒരു മാസത്തിലേറെയായ തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. ഇറാന് മുന്നോട്ടുവച്ച 10 ഇന സമാധാന പദ്ധതി ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മതിച്ചതോടെയാണിത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ യു.എസ് പ്രഖ്യാപിച്ച അന്ത്യശാസന സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ട്രംപ് പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യം ഇറാനിലെ ആക്രമണങ്ങള്‍ നിര്‍ത്തിവച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനില്‍ തീമഴ പെയ്യിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് സമാധാന നീക്കങ്ങള്‍ക്ക് വഴിയൊരുങ്ങിയത്.
ലോകത്തിലെ ഊര്‍ജ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പദ്ധതിയുടെ കാതല്‍. അമേരിക്കയും ഇസ്രയേലും ആക്രമണം നിര്‍ത്തിയാല്‍ തങ്ങളുടെ 'പ്രതിരോധ നടപടികള്‍' രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വെടിനിര്‍ത്തല്‍ കാലയളവില്‍ ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏകോപിപ്പിക്കുമെന്നും ജലപാതയുടെ നിയന്ത്രണം ഇറാന് സൈന്യത്തിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഫെബ്രുവരി 28-ന് യു.എസ്-ഇസ്രയേല്‍ ആക്രമണത്തോടെ തുടങ്ങിയ യുദ്ധത്തില്‍ തങ്ങള്‍ വിജയിച്ചതായി ടെഹ്റാന് അവകാശപ്പെട്ടു. ഉപരോധങ്ങള്‍ നീക്കുന്നതും ആണവ സമ്പുഷ്ടീകരണം അംഗീകരിക്കുന്നതും ഉള്‍പ്പെടെയുള്ള തങ്ങളുടെ 10 ഇന പദ്ധതി അംഗീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായെന്നും ഇറാന് പറഞ്ഞു.
പശ്ചിമേഷ്യയില്‍നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം, ഇറാനും സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, കരാര്‍ നിര്‍ബന്ധിതമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയം പാസാക്കുക തുടങ്ങിയവയാണു പാകിസ്താന് വഴി കൈമാറിയ ഈ പദ്ധതിയിലെ പ്രധാന ആവശ്യങ്ങള്‍.
ഇറാനില്‍നിന്നു ലഭിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം 'പ്രായോഗിക'മാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു. അമേരിക്കയുടെ എല്ലാ സൈനിക ലക്ഷ്യങ്ങളും ഇതിനകം കൈവരിച്ചതായും പശ്ചിമേഷ്യയിലെ ദീര്‍ഘകാല സമാധാനത്തിനായുള്ള കരാറുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നു കൊടുക്കണമെന്ന വ്യവസ്ഥയിലാണ് രണ്ടാഴ്ചത്തേക്ക് ആക്രമണം നിര്‍ത്തിവെക്കാന്‍ താന്‍ സമ്മതിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ 10 ഇന വ്യവസ്ഥകള്‍
1) പരസ്പര ആക്രമണങ്ങള്‍ അവസാനിപ്പിക്കുക.
2) ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനില്‍ തുടരണം.
3) ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അംഗീകരിക്കുക.
4) യുഎസ് നേരിട്ട് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അവസാനിപ്പിക്കുക.
5) മറ്റു രാജ്യങ്ങള്‍ വഴിയുള്ള (സെക്കന്‍ഡറി) ഉപരോധങ്ങള്‍ നീക്കുക.
6) ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ നിര്‍ബന്ധിത പ്രമേയത്തിലൂടെ ഇറാനുമായുള്ള എല്ലാ കരാറുകളും ഔപചാരികമാക്കണം.
7) ഐ.എ.ഇ.എ ബോര്‍ഡ് പ്രമേയങ്ങള്‍ റദ്ദാക്കുക.
8) യുദ്ധനഷ്ടങ്ങള്‍ക്ക് ഇറാന്റെ നഷ്ടപരിഹാരം നല്‍കുക.
9) മേഖലയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുക.
10) ലെബനനിലെ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലും യുദ്ധം നിര്‍ത്തുക.
ആറ് ആഴ്ചയായി തുടരുന്ന യുദ്ധത്തില്‍ ഇതിനകം 5,000 പേര് കൊല്ലപ്പെട്ടു. ഇതില്‍ 1,600 പേര് ഇറാനിലെ സാധാരണക്കാരാണ്. ലോക സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്ന ഈ സംഘര്‍ഷം അവസാനിക്കുന്നത് ആശ്വാസകരമാണെങ്കിലും, രണ്ടാഴ്ചത്തെ ഈ വെടിനിര്‍ത്തല്‍ ഇറാന് സമയം ലാഭിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന ആശങ്കയും ചില കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
സമാധാന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനായി വെള്ളിയാഴ്ച പാക് തലസ്ഥാനമായ ഇസ്ലാമാബാദില് ഇരുരാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തും. ഈ സമാധാന നീക്കം പശ്ചിമേഷ്യയില്‍ ശാശ്വതമായ സമാധാനം കൊണ്ടുവരുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍, തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം പൂര്‍ണമായി അവസാനിക്കൂ എന്ന് ഇറാന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വെടിനിര്‍ത്തലിനു പിന്നാലെ ഇറാനില്‍ ആക്രമണം
ടെഹ്റാന്/ടെല്‍ അവീവ്: ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, ഇറാനിലെ ലാവന് ദ്വീപിലെ ഒരു എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരേ ആക്രമണം. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് ആക്രമണം നടന്നതെന്ന് ഇറാന് അറിയിച്ചു. ആളപായമില്ല.
അമേരിക്കയും ഇറാനും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷമാണ് ആക്രമണം നടന്നത്.
ലാവന് ആക്രമണത്തിനു പിന്നാലെ മേഖലയിലെ അഞ്ച് രാജ്യങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായി. കുവൈത്ത്, യു.എ.ഇ. എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടു.






