ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ടോള്‍ പിരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ഒമാന്‍. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് നിലവിലെ രാജ്യാന്തര കരാറുകള്‍ പ്രകാരം യാതൊരു ഫീസും ചുമത്താന്‍ കഴിയില്ലെന്ന് ഒമാന്‍ ഗതാഗതമന്ത്രി സയീദ് ബിന്‍ ഹമൂദ് ബിന്‍ സയീദ് അല്‍ മവാലി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചുള്ള ഒമാന്റെ നിലപാട് വ്യക്തമാണെന്നും രാജ്യാന്തര സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട കരാറുകള്‍ രാജ്യം പൂര്‍ണമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ട്രാന്‍സിറ്റ് ഫീ ഈടാക്കാന്‍ ഒമാന്‍ അനുമതി നല്‍കണമെന്ന വ്യവസ്ഥ ഇറാന്റെ 10 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇറാന്റെ ഈ ആവശ്യം തള്ളിക്കളഞ്ഞ ഒമാന്‍, 'ഹോര്‍മുസ് കടക്കുന്നതിന് ടോളുകള്‍ ചുമത്താന്‍ കഴിയില്ല' എന്ന് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്തില്ലെന്ന് ഉറപ്പുനല്‍കുന്ന കരാറുകളില്‍ സുല്‍ത്താനേറ്റ് ഒപ്പുവച്ചിട്ടുണ്ടെന്ന് ഒമാന്‍ ഗതാഗതമന്ത്രി പറഞ്ഞു. തന്ത്രപ്രധാനമായ ഈ പാതയിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ സമുദ്രഗതാഗതം ഉറപ്പാക്കുന്നതില്‍ ഒമാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും ഒമാനും ഇടയിലുള്ള 34 കിലോമീറ്റര്‍ നീളമുള്ള ഹോര്‍മുസ് കടലിടുക്ക് രാജ്യാന്തര സമുദ്രഗതാഗതത്തില്‍ നിര്‍ണായകമാണ്. മുന്‍കാലങ്ങളില്‍ ഇരുരാജ്യങ്ങളും ഇവിടെ ടോള്‍ ഈടാക്കിയിരുന്നില്ല. ഹോര്മുസിലുടെയാണ് ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്നും നടക്കുന്നത്.
യുദ്ധം രാജ്യത്തിന്റെ പ്രതിരോധ, ഭരണ, സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശമുണ്ടാക്കിയതിനാല്‍, കപ്പലുകളില്‍നിന്ന് ശേഖരിക്കുന്ന പണം യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കുമെന്ന് ഇറാന് പ്രഖ്യാപിച്ചിട്ടുണ്ട്.






