ടെല്‍ അവീവ്: യു.എസ്.-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ ലെബനന്റെ കാര്യത്തില്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന വ്യക്‌തമായ സൂചന നല്‍കി ദക്ഷിണ ലെബനനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. കരാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ദക്ഷണ ലെബനനിലെ ടയര്‍, നബാത്തിഹ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണു വ്യോമാക്രമണം നടന്നത്. ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്‌ബുള്ളയ്‌ക്കെതിരേയാണു തങ്ങളുടെ യുദ്ധമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഇറാന്‍-യു.എസ്. കരാറില്‍ ലെബനന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സംഘര്‍ഷവും ഉള്‍പ്പെടുമെന്ന മധ്യസ്‌ഥരായ പാകിസ്‌താന്റെ അവകാശവാദം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിഷേധിച്ചു.
ലെബനനില്‍ 130 കുട്ടികള്‍ ഉള്‍പ്പെടെ 1,500 ല്‍ അധികം ആളുകളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 12 ലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടു. ഷിയാ മുസ്ലിം വിഭാഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള മേഖലകളില്‍നിന്നുള്ളവരാണ് പലായനം ചെയ്‌തവരില്‍ കൂടുതലും. അതിര്‍ത്തിക്കടുത്തുള്ള നിരവധി ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഹിസ്‌ബുള്ളയുടെ അടിസ്‌ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നിതും അതിന്റെ അംഗങ്ങളെ തുരത്തുന്നതിനുമായി ഒരു സുരക്ഷാ ബഫര്‍ സോണ്‍ സൃഷ്‌ടിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാന്‍-യു.എസ്. വെടിനിര്‍ത്തലിനെക്കുറിച്ച് ലബനീസ് സര്‍ക്കാരോ ഹിസ്‌ബുള്ളയോ പ്രതികരിച്ചിട്ടില്ല.
ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനും ദിവസേനയുള്ള ഇസ്രയേലി ആക്രമണങ്ങള്‍ക്കുമുള്ള തിരിച്ചടിയായി ഹിസ്‌ബുള്ള ഇസ്രയേലിലേക്കു റോക്കറ്റുകള്‍ വിക്ഷേപിച്ചതോടെയാണ് നിലവിലെ സംഘര്‍ഷം രൂക്ഷമായത്. ഇറാനുമായി ഒരു കരാറുണ്ടായാലും ലെബനനില്‍ തങ്ങളുടെ സൈനികനീക്കം തുടരുമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്‌ഥര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, അധിനിവേശം നടത്താന്‍ സൈന്യം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌്. ബലപ്രയോഗത്തിലൂടെ ഹിസ്‌ബുള്ളയെ നിരായുധീകരിക്കാന്‍ കഴിയില്ലെന്നു ചില സൈനിക ഉദ്യോഗസ്‌ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
2024 നവംബറില്‍ അവസാനിച്ച യുദ്ധത്തില്‍ തീര്‍ത്തും ദുര്‍ബലമായെന്നു കരുതപ്പെട്ട ഹിസ്‌ബുള്ളയുടെ സൈനിക ശേഷിയിലും പ്രതിരോധ നിരീക്ഷകര്‍ ആശ്‌ചര്യം പ്രകടിപ്പിച്ചു.






