ടെഹ്റാന്: ആദ്യം ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്. 'ഇറാനെ ഇല്ലാതാക്കും'. പിന്നാലെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍... ഒടുവില്‍, കൃത്യസമയത്ത് ഒരു കരാര്‍. എണ്ണവില കുതിച്ചുയരുമെന്നു ഭയന്ന ലോകത്തിന് ആശ്വാസം.
ഏകദേശം ഒരു മാസത്തിലേറെയായി ആയുധങ്ങള്ക്കൊണ്ടുമാത്രമല്ല വാക്കുകള്‍കൊണ്ടും പോരാട്ടത്തിലായിരുന്നു ഇറാനും അമേരിക്കയും. തുടച്ചു നീക്കുമെന്നു ട്രംപ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കുപോലും കഴിയാത്ത കാര്യമെന്നു തിരിച്ചടിച്ച് ഇറാന്.
വാക്കുകള്‍ക്കു തീവ്രത കൂടിയപ്പോള്‍ ശ്രീലങ്ക, വിയറ്റ്നാം പോലുള്ള ചെറിയ രാജ്യങ്ങള്‍ വിയര്‍ത്തു. അവര്‍ പെട്രോള്‍വില കുതിക്കുന്നതിന്റെ ആഘാഷതത്തിലായിരുന്നു. ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക.
മറുവശത്ത് പോരാട്ടവീര്യം കാണിക്കുന്ന ഇറാന്. ഒടുവില്‍ ട്രംപിന്റെ ഭീഷണി അവസാനിക്കുന്നതിന് 90 മിനിറ്റ് മുന്‍പ് വെടിനിര്‍ത്തല്‍ കരാറിലെത്തി.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം ആദ്യമായി, ഇറാന് പ്രതിനിധികളെ കരാറിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത് പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയാണെന്നാണു റിപ്പോര്‍ട്ട്. മുന്‍ പരമോന്നത നേതാവ് അലി ഖമനേയിയുടെ മകനാണ് മൊജ്തബ. യുദ്ധത്തിന്റെ ആദ്യദിവസങ്ങളിാണ് അലി ഖമനേയി യു.എസ്.- ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ലോകത്തിലെ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമായിരിക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അറിയിച്ചു.
'ഇറാന് സായുധ സേനയുമായി സഹകരിച്ച്, സാങ്കേതിക പരിമിതികള്‍ പരിഗണിച്ച് ഗതാഗതം സാധ്യമാക്കും,' ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി എക്സില്‍ പോസ്റ്റ് ചെയ്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനെ അഭിനന്ദിക്കുകയും കരാര്‍ അമേരിക്കക്ക് 'വിജയ'മാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു.
'നമ്മുടെ സൈന്യത്തിന്റെ വിജയം പരമാവധി സ്വാധീനം ചെലുത്താന്‍ സഹായിച്ചു, ഇത് പ്രസിഡന്റ് ട്രംപിനും ടീമിനും കര്‍ശനമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ അവസരം നല്കി, അത് ഇപ്പോള്‍ നയതന്ത്രപരമായ പരിഹാരത്തിനും ദീര്‍ഘകാല സമാധാനത്തിനും വഴിതുറന്നിരിക്കുന്നു,' അവര്‍ പറഞ്ഞു. ലോക സമ്പദ്വ്യവസ്ഥയെ ഒരു മാസത്തിലേറെയായി ഞെട്ടിച്ച ഈ പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു.
തിരശീലയ്ക്ക് പിന്നില്‍
വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നു ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തുമ്പോള്‍, തിരശീലയ്ക്ക് പിന്നില്‍ നയതന്ത്രപരമായ മുന്നേറ്റങ്ങളുടെ സൂചനകളുണ്ടായിരുന്നു. ഗള്‍ഫിലെ യു.എസ്. സൈന്യവും പെന്റഗണിലെ ഉദ്യോഗസ്ഥരും ഇറാന് അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ ബോംബാക്രമണത്തിന് തയാറെടുക്കുകയായിരുന്നു. അവര്‍ക്ക് പ്രസിഡന്റ് ട്രംപിന്റെ ഒരു വാക്ക് മതിയായിരുന്നു.
മേഖലയിലെ സഖ്യകക്ഷികള്‍ ഇറാന്റെ തിരിച്ചടികള്‍ക്കായി തയാറെടുക്കുകയായിരുന്നു. തിങ്കളാഴ്ച, ട്രംപ് വൈറ്റ് ഹൗസ് ഈസ്റ്റര്‍ ആഘോഷങ്ങളില്‍ സംസാരിക്കുമ്പോള്‍ കോപാകുലനായാണു ട്രംപിനെ കണ്ടത്. യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ ട്രംപ് പൊട്ടിത്തെറിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍നിന്ന് ലഭിച്ച 10 പോയിന്റ് മറുപടിയെ 'ദുരന്തം, വിപത്ത്' എന്ന വാക്കുകളിലൂടെയാണു അദ്ദേഹം വിമര്‍ശിച്ചത്.
വൈകാതെ പാകിസ്താന്റെ ഇടപെടല്‍. പുതിയ കരടുകള്‍ വിറ്റ്കോഫിനും ഇറാന് മന്ത്രി അബ്ബാസ് അറാഖ്ചിക്കും അവര്‍ കൈമാറി, ഈജിപ്ഷ്യന്‍, തുര്‍ക്കി വിദേശകാര്യ മന്ത്രിമാരും ആ രേഖകള്‍ക്കു പിന്നിലുണ്ടായിരുന്നു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനുള്ള പുതുക്കിയ നിര്‍ദേശത്തിന് യു.എസ്. അംഗീകാരം നേടിയെടുക്കാന്‍ ഇടനിലക്കാര്‍ക്ക് കഴിഞ്ഞു.
അടുത്തതായി തീരുമാനമെടുക്കേണ്ടത് ഇറാനായിരുന്നു. പരമോന്നത നേതാവായ ശേഷം മൊജ്തബ ഖമനേയി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, നിര്‍ദേശങ്ങള്‍ അദ്ദേഹത്തിനു മുന്നിലെത്തി.
ഇസ്രയേലില്‍നിന്ന് വധഭീഷണി നേരിടുന്ന മൊജ്തബ ഖമനേയി, 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ പരമോന്നത നേതാവാണ്, പ്രധാനമായും കുറിപ്പുകള്‍ കൈമാറുന്ന ആളുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്.
അദ്ദേഹം കരാര്‍ ഒപ്പിടാനുള്ള അനുമതി നല്‍കിയത് ഒരു 'മുന്നേറ്റ'മായിരുന്നു എന്ന് രണ്ട് സ്രോതസുകളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത സേനാ വിഭാഗത്തിലെ കമാന്‍ഡര്‍മാരെ കരാര്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതിലും ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതിലും വിദേശകാര്യ മന്ത്രി അറാഖ്ചി ഒരു പ്രധാന പങ്ക് വഹിച്ചു.
വൈകാതെ ചൈനയുടെ നിര്‍ദേശവും ഇറാനെത്തേടിയെത്തി. വേഗമുള്ള പരിഹാരം വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നിരുന്നാലും, എല്ലാ കാര്യങ്ങളും ഖമനേയിലാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ തീവ്രമായ ചര്‍ച്ചകളിലൂടെയുള്ള എല്ലാ പ്രധാന തീരുമാനങ്ങളും അദ്ദേഹത്തിലൂടെയാണു കടന്നുപോയത്.
ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് പ്രതിനിധികള്‍ പ്രസിഡന്റ് ട്രംപിനെ അറിയിച്ചിരുന്നു. എങ്കിലും, അദ്ദേഹം ഭീഷണി പുറപ്പെടുവിക്കുന്നത് നിര്‍ത്തിയില്ല. 'ഇന്ന് രാത്രി ഒരു മുഴുവന്‍ ഇറാന് ജനതയും മരിക്കും.'- അദ്ദേഹം ഭീഷണി മുഴക്കി. ചില യു.എസ്. മാധ്യമങ്ങള്‍ ഇറാന് ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തെങ്കിലും, ചര്‍ച്ചകളില്‍ പങ്കെടുത്ത സ്രോതസുകള്‍ അത് ശരിയല്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഹംഗറിയില്‍നിന്ന് ചര്‍ച്ചകളുടെ ഭാഗമായി. പ്രധാനമായും പാകിസ്താനുമായി അദ്ദേഹം ബന്ധം പുലര്‍ത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ദിവസം മുഴുവന്‍ ട്രംപും സംഘവുമായി സമ്പര്‍ക്കത്തിലായിരുന്നു. എങ്കിലും ഇസ്രയേലികള്‍ ഈ പ്രക്രിയയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടായിരുന്നു.
ചൊവ്ാഴ്ച വൈകിട്ട് പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെടിനിര്‍ത്തല്‍ കരാറിന്റെ നിബന്ധനകള്‍ പ്രസിദ്ധീകരിക്കുകയും ഇരുപക്ഷത്തോടും അത് അംഗീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ട്രംപ് വാഗ്ദാനം അംഗീകരിച്ചു. 'ഇറാനിലെ ബോംബാക്രമണവും ആക്രമണവും രണ്ടാഴ്ചത്തേക്ക് ഞാന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സമ്മതിക്കുന്നു,' ട്രംപ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. അദ്ദേഹം അടുത്തതായി പാകിസ്താന് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി സംസാരിച്ച് കരാര്‍ ഉറപ്പിച്ചു. ട്രംപിന്റെ പോസ്റ്റിന് 15 മിനിറ്റിന് ശേഷം യു.എസ്. സൈന്യത്തിന് പിന്മാറാനുള്ള ഉത്തരവ് ലഭിച്ചു. പിന്നാലെ ഇറാന് വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് അറാഖ്ചി പ്രസ്താവിച്ചു.






