ലണ്ടന്‍: ഇറാന് യുദ്ധം അവസാനിച്ചെങ്കിലും അതുണ്ടാക്കിയ സാമ്പത്തിക തിരിച്ചടി അവസാനിക്കാന്‍ വൈകുമെന്നു വിദഗ്ധര്‍. കഴിഞ്ഞ ആറ് ആഴ്ചകളില്‍ ഹോര്‍മുസ് കടലിടുക്കില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്ക് അഴിയാന്‍ പോലും സമയമെടുക്കും.
ഏകദേശം 800 കപ്പലുകള്‍ ഉള്‍ക്കടലില്‍ കുടുങ്ങിക്കിടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇവയില്‍ പലതും എണ്ണയും പ്രകൃതി വാതകവും കൊണ്ടുപോകുന്നവയാണ്. തുറന്ന കടലിലേക്ക് പോകാന്‍ അവയ്ക്ക് സാധിക്കാത്ത നിലയിലായിരുന്നു.
ഈ സമയം ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അത് പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കും പണപ്പെരുപ്പത്തിനും വഴിവച്ചു.
മറ്റ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം പ്രധാനമായും ഹോര്‍മുസ് കടലിടുക്ക് വഴിയായിരുന്നു. ജെറ്റ് ഇന്ധനം, ഡീസല്‍, വളങ്ങള്‍ എന്നിവയുടെ നിര്‍മാണ ഘടകങ്ങള്‍, മൈക്രോചിപ്പ് നിര്‍മാണത്തിന് ആവശ്യമായ ഹീലിയം പോലുള്ള വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണവും തടസപ്പെട്ടു. ഈ തടസങ്ങള്‍ നീങ്ങിയത് വിപണികളിലും മികച്ച പ്രതികരണം നല്കി. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വിപണി വിലയില്‍ 15% ഇടിവുണ്ടായി, ഓഹരി വിപണികളില്‍ മുന്നേറ്റമുണ്ടായി. അടുത്ത ചലനം ഇറാന്, യുഎസ്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും. വെടിനിര്‍ത്തല്‍ എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ, അത്രയധികം പണപ്പെരുപ്പത്തിലെ വര്‍ധന ഇല്ലാതാകാന്‍ സാധ്യതയുണ്ട്.
എങ്കിലും കരുത്തുള്ള നാവിക സേനയോ വ്യോമസേനയോ ഇല്ലാതെ തന്നെ പ്രധാനപ്പെട്ട കടല്‍ വഴികള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഇറാന് തെളിയിച്ചിരിക്കുന്നു. അവര്‍ നികുതി പോലും പിരിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. ഇതൊക്കെ ശുഭ സൂചനകളല്ല.
ഒമാനുമായി ചേര്‍ന്ന് ഇറാന് ഹോര്‍മുസ് കടലിടുക്ക് സംയുക്തമായി നിയന്ത്രിക്കുമെന്ന നിര്‍ദേശം അസാധാരണമാണ്. ഈ യുദ്ധം ഹോര്‍മുസ് കടലിടുക്കിനെ ലോകത്തിലെ ഏറ്റവും ലാഭകരമായ ടോള്‍ ബൂത്താക്കി മാറ്റിയോ? എന്ന ചോദ്യവും ഉയരുന്നുണ്ട്. യുദ്ധത്തിന് മുമ്പ് ഇതിന്റെയൊന്നും സൂചനകളുണ്ടായിരുന്നില്ല. അത്തരം നീക്കങ്ങള്‍ ലോകരാജ്യങ്ങള്‍ക്കു തിരിച്ചടിയാകും.
ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരിട്ട നാശനഷ്ടങ്ങളെത്തുടര്‍ന്ന്, ആഗോള പ്രകൃതി വാതക ഉത്പാദനം വര്‍ഷങ്ങളോളം കുറയും. ഉത്പാദനം പുനരാരംഭിക്കാന്‍ ആഴ്ചകളെടുക്കും, യുദ്ധത്തിന് മുമ്പുള്ള ശേഷിയിലേക്ക് തിരിച്ചെത്താന്‍ വര്‍ഷങ്ങളെടുക്കും.
യൂറോപ്പ് പ്രകൃതി വാതക ശേഖരം വീണ്ടും നിറയ്ക്കാന്‍ ശ്രമിക്കുന്നതിനാല്‍, ഈ വേനല്‍ക്കാലം വരെ ഗള്‍ഫില്‍നിന്ന് ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ടാങ്കറുകളുടെ സുസ്ഥിരമായ ഒഴുക്ക് ആവശ്യമായി വരും.
യുദ്ധം ഭയന്നു യൂറോപ്യന്‍ സര്‍ക്കാരുകള്‍ പലിശനിരക്ക് കുറച്ചു. ഈ വെടിനിര്‍ത്തല്‍ സ്ഥിര ഭവനവായ്പകളുടെ ഗണ്യമായ വര്‍ധന തടയാന്‍ സഹായിക്കും. ഇത് നിലനിന്നാല്‍, ഭവനവായ്പകള്‍ ലോകമെമ്പാടും വീണ്ടും കുറയാന്‍ തുടങ്ങും.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ എണ്ണ വില ബാരലിന് 200 ഡോളറിലേക്ക് ഉയരുമായിരുന്നു. ഇപ്പോള്‍, ബാരലിന് 60 മുതല്‍ 70 ഡോളറിലേക്ക് കുറയാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇത് പണപ്പെരുപ്പത്തെ നിയന്ത്രിക്കാനും പെട്രോള്‍ വില കുറയ്ക്കാനും പലിശനിരക്ക് ശാന്തമാക്കാനും സഹായിക്കും.
നിര്‍ണായക ഐ.എം.എഫ്. യോഗം ഉടന്‍ ആരംഭിക്കും. സാമ്പത്തിക മുറിവുകള്‍ ഉണക്കാനുള്ള ശ്രമം അവിടെ പ്രതീക്ഷിക്കാം.






