
തൃശൂര്‍: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ 'വ്യക്തിഹത്യ'യാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തരായ സ്ഥാനാര്‍ത്ഥികളെ കാണുമ്പോള്‍ അവരെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ എതിരാളികളുടെ രീതിയാണെന്നും ഭീഷണിയായി കാണുന്ന വ്യക്തികളെ മുന്‍കൂട്ടി നിശ്ചയിച്ച് അധിക്ഷേപിക്കുന്ന തന്ത്രമായിരുന്നെന്നും പറഞ്ഞു.
ശോഭ സുരേന്ദ്രനെ എംഎല്‍എ ആയി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എതിരാളികളുടെ ഇത്തരം 'പൊറാട്ട് നാടകങ്ങള്‍' വോട്ടര്‍മാര്‍ക്കിടയില്‍ വിലപ്പോകില്ലെന്നും ജനങ്ങള്‍ ഇതിനോടകം തന്നെ തങ്ങളുടെ വിധി നിശ്ചയിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു നിര്‍ണ്ണായക ഘടകമാകുമെന്നും അപ്രതീക്ഷിതമായ ഫലങ്ങള്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രത്യാശ പ്രകടിപ്പിച്ചു.
ജനവിധിയെ എല്ലാവരും ബഹുമാനിക്കണമെന്നും വിജയികളെ അനാവശ്യ ന്യായങ്ങള്‍ പറഞ്ഞ് ആക്ഷേപിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സുരേഷ് ഗോപി ഗുരുവായൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ (സൗത്ത് പാര്‍ട്ട്) 137-ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ വോട്ട് രേഖപ്പെടുത്തിയ ആദ്യകാല വോട്ടര്‍മാരില്‍ ഒരാളായിരുന്നു നടന്‍ കൂടിയായ സുരേഷ്‌ഗോപി.






