
പാലക്കാട് : മണ്ഡലത്തിലെ വോട്ടെടുപ്പ് ദിനത്തില്‍ ഉയര്‍ന്നുവന്ന പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ചില മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു.
തനിക്കെതിരെ മനഃപൂര്‍വം വ്യക്തിഹത്യ നടത്താനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി വോട്ട് രേഖപ്പെടുത്തിയ ശേഷം തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ ആരോപിച്ചു. ചില മാധ്യമങ്ങള്‍ തനിക്കെതിരേ പ്രവര്‍ത്തിക്കുകയാണ്. പ്രധാനമന്ത്രിയോടൊപ്പമുള്ള തന്റെ ചിത്രം പോലും നല്‍കാന്‍ മടിക്കുന്ന ഇവര്‍ വ്യാജവാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്നും കുറ്റപ്പെടുത്തി.
പാലക്കാടിനെ വികസനത്തിലേക്ക് നയിക്കുമെന്ന വാഗ്ദാനമാണ് താന്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ചില ശക്തികള്‍ പാലക്കാടിനെ ഭീകരവാദികളുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഒരു വോട്ടര്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അസുഖബാധിതനായ മകനുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു അമ്മയെ കരുവാക്കിയാണ് ഈ വിവാദം സൃഷ്ടിച്ചത്.
സഹായം അഭ്യര്‍ത്ഥിക്കുന്നവരോട് മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിച്ചതെന്നും അത് വോട്ട് വാങ്ങാനാണെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും ശോഭ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും പറഞ്ഞു. വികസനത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഇത്തരം കഥകള്‍ മെനയാനാണ് അവര്‍ക്ക് താല്‍പ്പര്യം.






