
കാസര്‍കോട് : ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് ബി.എം. ജമാലാണ് കുടുങ്ങിയത്.
ബേക്കല്‍ ഇസ്ലാമിയ എഎല്‍പി സ്‌കൂളിലെ 165-ാം നമ്പര്‍ ബൂത്തില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തുകയായിരുന്നു. കണ്ണടയില്‍ ക്യാമറയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദമുണ്ടായത്.
തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ താന്‍ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതില്‍ ക്യാമറയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് ബി.എം. ജമാലിന്റെ വിശദീകരണം.
സംഭവത്തെത്തുടര്‍ന്ന് ബൂത്തില്‍ നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.






