
ആലപ്പുഴ: വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് ഖേദകരമെന്നും അമ്പലപ്പുഴയില്‍ തീവ്രവാദപരമായ പ്രശ്‌നങ്ങളില്ലെന്നാണ് ആലപ്പുഴ എസ്പി പറയുന്നത് ഖേദകരമെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. ഇത്തരം വധഭീഷണികള്‍ ഉയര്‍ത്തുന്നതാണ് യഥാര്‍ത്ഥ തീവ്രവാദമെന്നും ഇതിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പോലും തള്ളിപ്പറഞ്ഞിട്ടും പൊലീസ് നിസ്സംഗത പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടു ചെയ്ത ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. അമ്പലപ്പുഴയിലെ ജനവിധി തനിക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്‍ മന്ത്രിയും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരന്‍. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ തന്നെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച അദ്ദേഹം, മണ്ഡലത്തിലെ സമാധാനപരമായ അന്തരീക്ഷത്തെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും സംസാരിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ ലഭിച്ച സ്വീകാര്യത വോട്ടെടുപ്പ് ദിനത്തിലും തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ മുതല്‍ വോട്ട് ചെയ്യാന്‍ എത്തിയവരുടെ നീണ്ട നിര വിജയസാധ്യത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം വിലയിരുത്തി. പ്രശ്‌നബാധിത മേഖലകളിലെ ബൂത്തുകള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






