
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുളള വെളളിയാംഗിരി മലനിരകളുടെ ശാന്തമായ താഴ്‌വരയിലുളള ഇഷ യോഗ സെന്ററില്‍ ശാന്തസുന്ദരമായ കുറച്ചുദിവസങ്ങള്‍ ചെലവഴിച്ചതിലുളള സന്തോഷം പങ്കിട്ടിരിക്കുകയാണ് നടി അപര്‍ണ ദാസ്. ഇഷയിലെ ദിനങ്ങള്‍ തികച്ചും മാന്ത്രികമായിരുന്നുവെന്നാണ് നടി പറയുന്നത്.
'ഇഷയിലെ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ തികച്ചും മാന്ത്രികമായിരുന്നു. അവരുടെ ജീവിതരീതി പിന്തുടര്‍ന്നും, ഭക്ഷണം പങ്കുവെച്ചും, പ്രാര്‍ഥനകളിലും ധ്യാനത്തിലും മുഴുകിയും കഴിഞ്ഞപ്പോള്‍ ഞാനും അവരില്‍ ഒരാളാണെന്ന് തോന്നിപ്പോയി. ലളിതമായ കാര്യങ്ങളില്‍ പോലും എത്ര വലിയ സന്തോഷമായിരുന്നു. ആ ചിരിയും നൃത്തവും ഒത്തൊരുമയുമെല്ലാം ഹൃദ്യമായിരുന്നു.
വെറും രണ്ടു ദിവസത്തിനുളളില്‍ അതീവ സുന്ദരമായ ഒന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. മനുഷ്യരെ അവരുടെ ഏറ്റവും സ്വാഭാവികവും നിഷ്‌കളങ്കവുമായ രൂപത്തില്‍ ഞാന്‍ കണ്ടുമുട്ടി. ആ യാത്രയില്‍ എവിടെയോ വെച്ച് ഞാന്‍ എന്നെത്തന്നെയും കണ്ടുമുട്ടിത്തുടങ്ങി.
നമ്മെത്തന്നെ കണ്ടെത്തുക എന്നത് ഏറ്റവും പ്രയാസമേറിയ യാത്രകളില്‍ ഒന്നാണ്... ഇത് എന്റെ ആ യാത്രയുടെ ഒരു തുടക്കമായി എനിക്ക് അനുഭവപ്പെടുന്നു,' അപര്‍ണ ദാസ് കുറിച്ചു.
അപര്‍ണ ദാസ് മാത്രമല്ല, നിരവധി സെലിബ്രിറ്റികളും അപര്‍ണയ്ക്ക് ഒപ്പമുണ്ടായിരുന്നു. അവതാരകരും നടിമാരുമായ രഞ്ജിനി ഹരിദാസ്, ആര്യ, നടിമാരായ ദിവ്യപിള്ള, നിത്യ ദാസ്, ശില്‍പ്പ ബാല, നടനും യൂട്യൂബറുമായ കാര്‍ത്തിക് ശങ്കര്‍ തുടങ്ങിയവരും ഈ യാത്രയില്‍ ഉണ്ടായിരുന്നു.






