
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ദ റിവഞ്ച് ബോക്‌സ് ഓഫീസില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ അഭിനേതാവിനും പ്രേക്ഷകരില്‍ നിന്ന് വലിയ സ്‌നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദ.
സഞ്ജയ് ദത്തിനൊപ്പമുുളള ചിത്രം പങ്കുവെച്ചുകൊണ്ട് രാഘവ് ഛദ്ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വൈകാരികമായ കുറിപ്പും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കുറച്ചു നാള്‍ മുന്‍പ് തന്റെ വീട്ടിലെത്തിയ സഞ്ജയ് ദത്തിന്റെ ഊഷ്മളമായ പെരുമാറ്റത്തെയും അദ്ദേഹത്തന്റെ മായാത്ത പ്രഭാവത്തെയും രാഘവ് പ്രശംസിച്ചു.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഊഷ്മളമായ പെരുമാറ്റമുള്ള വ്യക്തികളില്‍ ഒരാളായ സഞ്ജയ് ദത്തിനെ കുറച്ചു കാലം മുന്‍പ് എന്റെ വീട്ടില്‍ അതിഥിയായി ലഭിച്ചതില്‍ സന്തോഷം. 'ധുരന്ധര്‍' എന്ന സിനിമയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌നേഹം കാണുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. നിങ്ങളുടെ ആ പ്രഭാവം ഇന്നും മാറ്റമില്ലാതെ തുടരുന്നു, ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ നിങ്ങളോട് കാണിക്കുന്ന ആരാധനയും അതുപോലെ തന്നെ നിലനില്‍ക്കുന്നു. ഇത് നിങ്ങള്‍ അര്‍ഹിക്കുന്ന വിജയം തന്നെയാണ്. എന്നും നിങ്ങളുടെ വിജയങ്ങള്‍ക്കായി ആശംസിക്കുന്നു ’രാഘവിന്റെ വാക്കുകള്‍.
ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധര്‍' എന്ന ചിത്രത്തില്‍ എസ്.പി ചൗധരി അസ്ലം എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്. പാകിസ്ഥാനിലെ യഥാര്‍ത്ഥ പോലീസ് ഓഫീസറായ ചൗധരി അസ്ലമിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കഥാപാത്രം ഒരുക്കിയിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ അഭിനയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി. എസ്.പി ചൗധരി അസ്ലമിന്റെ ഭാര്യ നൗറിന്‍ അസ്ലമും സഞ്ജയ് ദത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒരു നിമിഷം സ്‌ക്രീനില്‍ കാണുന്നത് അസ്ലം തന്നെയാണെന്ന് തനിക്ക് തോന്നിയെന്നാണ് അവര്‍ പറഞ്ഞത്.






