
വിദേശത്തു പോകുന്നതിനു മുമ്പ് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ നടന്‍ മോഹന്‍ലാലിനെ പ്രശംസിച്ച് നേമം സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്‍. '' ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാന്‍ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയില്‍ നിന്നും മുടവന്‍മുഗള്‍ സ്‌കൂളിലെത്തിയ ലാലേട്ടന്‍... കൂടെ സ്ഥാനാര്‍ത്ഥികളായ ഞാനും ശിവന്‍കുട്ടിയും''- ശബരീനാഥന്‍ കുറിച്ചു.
നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ സ്‌കൂള്‍ ബൂത്ത് 36ല്‍ എത്തിയാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന്റെ ചിത്രം മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
'' ഞാന്‍ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാന്‍ പോകുക''- എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ പോളിങ് ബൂത്തില്‍ എത്തിയിരുന്നു. ക്യൂ നിന്ന് തെന്നയാണ് നടന്‍ വോട്ട് രേഖപ്പെടുത്തിയത്.
മോഹന്‍ലാലിനെ കൂടാതെ മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് രേഖപ്പെടുത്തി.






