
ചെന്നൈ: ഭാര്യയും നടിയുമായ ഖുശ്ബുവിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി സംവിധായകന്‍ സുന്ദര്‍ സി. 2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. എ.ഐ.എ.ഡി.എം.കെ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തിലെ ഘടകകക്ഷിയായ ' പുതിയ നീതി കക്ഷി' യുടെ സ്ഥാനാര്‍ത്ഥിയായാണ് സുന്ദര്‍ സി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ സുന്ദര്‍ സിയെ പ്രതിരോധത്തിലാക്കി ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി മണ്ഡലത്തിലെ മാംസവില്‍പന ശാലകള്‍ നിരോധിക്കുമെന്ന് സുന്ദര്‍ സി പറഞ്ഞതായാണ് പ്രചാരണം. തനിക്കെതിരെയുളള പ്രചാരണം പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി സുന്ദര്‍ സി രംഗത്തെത്തി.
' തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചാല്‍ മധുര സെന്‍ട്രല്‍ മണ്ഡലത്തിലെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടുമെന്ന് ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്. ജനങ്ങളുടെ വികാരങ്ങളെയും അവകാശങ്ങളെയും മാനിക്കാന്‍ അറിയുന്നവനാണ് ഞാന്‍ എന്ന് ജനങ്ങള്‍ക്കറിയാം. നേരിട്ട് മത്സരിക്കാന്‍ ധൈര്യമില്ലാത്തവരാണ് കുറുക്കുവഴികളിലൂടെ ഇത്തരം തരംതാഴ്ന്ന നീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് നമ്മുടെ ഐക്യത്തിലൂടെയും വിജയത്തിലൂടെയും നമ്മള്‍ മറുപടി നല്‍കും', എന്നാണ് സുന്ദര്‍ സി എക്‌സില്‍ കുറിച്ചത്.
സംഭവത്തില്‍ ഡി.എം.കെക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖുശ്ബുവും രംഗത്തെത്തി. ഭരണകക്ഷിയായ ഡി.എം.ക സുന്ദര്‍ സിയെ ഭയപ്പെടുന്നുണ്ടെന്നും തോല്‍വി പേടിച്ചാണ് ഇത്തരം നുണപ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഖുശ്ബു തന്റെ ഭര്‍ത്താവിനായി മണ്ഡലത്തില്‍ സജീവമായി പ്രചാരണരംഗത്തുണ്ട്.






