പാലാ: ദൈവവിളിയുടെ വിളനിലമായ പാലാ രൂപതയില്‍ അജഗണങ്ങളെ വിശ്വാസപുണ്യത്തില്‍ പതിറ്റാണ്ടുകള്‍ വഴിനടത്തിയ ഇടയശ്രേഷ്‌ഠന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് പിറന്നാള്‍. ബിഷപ് ഇന്ന് നൂറിലേക്ക് കാല്‍വയ്‌ക്കും.
1927 ഏപ്രില്‍ 10ന് മുത്തോലപുരത്താണ് പള്ളിക്കാപ്പറമ്പിലിന്റെ ജനനം. ചങ്ങനാശേരി എസ്.ബി, തൃശ്‌നാപ്പള്ളി സെന്റ് ജോസഫ്, ചെന്നൈ ലയോള കോളജുകളില്‍ പഠനം. ചങ്ങനാശേരി പാറേല്‍, മംഗലാപുരം സെന്റ് ജോസഫ് സെമിനാരികളില്‍ വൈദിക പരിശീലനംപൂര്‍ത്തിയാക്കി. റോമിലെ പ്രോപ്പഗാന്തയില്‍ ഉപരിപഠനം. 1958 നവംബര്‍ 23ന് റോമില്‍ പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ് നേടി. തുടര്‍ന്ന് വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ അധ്യാപകനും റെക്‌ടറുമായി. 1973-ല്‍ പാലാ രൂപതാ സഹായമെത്രാനായി. 1981 ഫെബ്രുവരി ആറിന് പാലാ രൂപതാധ്യക്ഷനായി അഭിഷിക്‌തനായി. 23 വര്‍ഷത്തെ ശുശ്രൂഷയ്‌ക്ക്‌ശേഷം 2004 മേയ് രണ്ടിനു വിരമിച്ചു. പാലാ രൂപതയുടെ ദ്വിതീയ മെത്രാനായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ അസാധാരണമായ വായനയും ഓര്‍മ്മശക്‌തിയും ഭാഷാവൈദഗ്‌ധ്യവുമുള്ള സൗമ്യനായ വലിയ ഇടയനാണ്. നൂറാം വയസിലേക്ക് പ്രവേശിക്കുന്ന ബിഷപ്പിനെ ഇക്കുറി പാലാ ബിഷപ് ഹൗസില്‍ എത്തിയാണ് ഉദ്യോഗസ്‌ഥര്‍ വോട്ട് ചെയ്യിച്ചത്. പാലായുടെ വലിയ ഇടയന് നൂറിന്റെ ആശംസകളും ആയുരാരോഗ്യവും നേരാന്‍ ഇന്ന് വൈകിട്ട് 7ന് ബിഷപ് ഹൗസില്‍ ഒത്തുചേരല്‍ നടക്കുന്നുണ്ട്.
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍തട്ടില്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവ,ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍ വൈദികര്‍,കന്യാസ്‌ത്രീകള്‍, അല്‍മായ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.






