പറവൂര്‍: നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നേരത്തെ യു.ഡി.എഫിനു കഷ്‌ടിച്ച് ഭൂരിപക്ഷം നല്‍കിയവരൊക്കെ ഇപ്പോള്‍ അഭിപ്രായം മാറ്റി. ദേശീയ സര്‍വേകളിലെല്ലാം യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നാണു വ്യക്‌തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൂട്ടിയ ചില സര്‍വേകള്‍ കേരളത്തിലുണ്ട്. അതേക്കുറിച്ച് വോട്ടെടുപ്പു കഴിഞ്ഞ് പറയാം. അവരുടെ വിശ്വാസ്യത അവര്‍തന്നെ കളഞ്ഞുകുളിച്ചു. മൂന്നുമാസത്തിനിടെ നാലുതവണ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് ജനവികാരത്തെക്കുറിച്ചു കൃത്യമായ ധാരണയുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാണ് നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നു പറയുന്നത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും വി.ഡി. സതീശന്‍ ഉറപ്പിച്ചുപറഞ്ഞു.
എല്ലായ്‌പ്പോഴും ജനാധിപത്യ പ്രക്രിയ വിജയിക്കണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെയും നിരീക്ഷിക്കും. നാട്ടിന്‍പുറത്തെ ചായക്കടകളില്‍പ്പോലും നമ്മേക്കാള്‍ നന്നായി അന്താരാഷ്‌ട്ര കാര്യങ്ങള്‍ വരെ സംസാരിക്കുന്നവരുണ്ട്. അവര്‍ ഒന്നിലധികം പത്രങ്ങള്‍ വായിക്കുന്നവരും ചാനലുകള്‍ കാണുന്നവരുമാണ്. നല്ല രാഷ്‌ട്രീയ ബോധ്യത്തിന്റെ അടിസ്‌ഥാനത്തില്‍ വോട്ട് ചെയ്യുന്ന ജനതയാണു കേരളത്തിലുള്ളത്. അവരാണു ഞങ്ങളുടെ പ്രതീക്ഷ. സാഹചര്യങ്ങളെല്ലാം വിലയിരുത്തി ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജീവനക്കാര്‍ക്കു പോസ്‌റ്റല്‍ വോട്ട് ചെയ്യാനാകാത്ത സാഹചര്യം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും സംസ്‌ഥാന തിരഞ്ഞെടുപ്പ് ഓഫീസറെയും നിരവധി തവണ ബന്ധപ്പെട്ടു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവങ്ങളാണുള്ളത്. മൂന്നുതവണ പോയിട്ടുപോലും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍നിന്ന് ബാലറ്റ് കിട്ടാത്തവരുണ്ട്. ഒരാള്‍ക്കുപോലും വോട്ട് ചെയ്യാനാകാത്ത അവസ്‌ഥയുണ്ടാകരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.






