തിരുവനന്തപുരം: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പോളിങ് ശതമാനവുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ചരിത്രവിധിയെഴുതി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 78.24%. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമകണക്ക് പുറത്തുവരുമ്പോള്‍ ഇത് 80% കടന്നേക്കാം. 1960-ലെ 85.72 ശതമാനവും 1987-ലെ 80.54 ശതമാനവും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്.
മറ്റാരുണ്ടെന്ന എല്‍.ഡി.എഫ്. വെല്ലുവിളിക്കാണോ ജയിക്കും, നയിക്കുമെന്ന യു.ഡി.എഫ്. ആത്മവിശ്വാസത്തിനാണോ മാറാത്തതു മാറ്റുമെന്ന എന്‍.ഡി.എ. അവകാശവാദത്തിനാണോ ജനം വിരലമര്‍ത്തിയതെന്നറിയാന്‍ ഇനി മേയ് നാലുവരെ നീളുന്ന കാത്തിരിപ്പ്.
ഉയര്‍ന്ന പോളിങ് ശതമാനം അനുകൂലമാകുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികളും മുന്നോട്ടുവയ്‌ക്കുന്നത്. എന്നാല്‍, ഒരു മുന്നണിക്കും അനുകൂലമായ തരംഗം പോളിങ്ങില്‍ പ്രകടമായില്ലെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
എസ്.ഐ.ആറിലൂടെ ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരുകളും നീക്കംചെയ്‌ത് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കിതും പോളിങ് ശതമാനമുയരാന്‍ കാരണമായെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. അനര്‍ഹരെ ഒഴിവാക്കിയതോടെ വോട്ട് രേഖപ്പെടുത്തിയവരുടെ അനുപാതത്തില്‍ വന്‍വര്‍ധനയുണ്ടായി. ഇന്നലെ രാവിലെ മുതല്‍ നഗര-ഗ്രാമവ്യത്യാസമില്ലാതെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. 140 മണ്ഡലങ്ങളിലായി സജ്‌ജീകരിച്ച 30,495 ബൂത്തുകളിലേക്ക് ജനം ആവേശത്തോടെ ഒഴുകിയെത്തി. 2.71 കോടി ആളുകള്‍ക്കാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടായിരുന്നത്. 23 ദിവസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവില്‍ നിശബ്‌ദ വോട്ടര്‍മാരുടെ മനസ് ആര്‍ക്കൊപ്പമെന്നത് ഇപ്പോഴും പ്രവചനാതീതം.
എസ്. നാരായണന്‍






